വനിതാ മതിലിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തുന്നത് സംബന്ധിച്ച് അന്തിമ രൂപരേഖയായി. എറണാകുളം ജില്ലയിൽ പൊങ്ങം മുതൽ അരൂർ പാലം വരെ മൂന്നു ലക്ഷം വനിതകൾ അണിനിരക്കും. 49 കിലോമീറ്റർ ദൂരം 21 മേഖലകളായി തിരിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നുള്ള വനിതകളെ അങ്കമാലി സിഗ്‌നൽ ജംഗ്ഷൻ മുതൽ ആലുവാ ദേശം വരെ പത്ത് കിലോമീറ്റർ ദൂരത്തിൽ അണിനിരത്തും. ഇടുക്കിയിൽ നിന്ന് 45,000 വനിതകൾ പങ്കെടുക്കും. അടിമാലി, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആലുവ, മൂന്നാർ റോഡിൽ കുറുപ്പംപടിയിൽ നിന്നും മലയാറ്റൂർ പാലം, നീലിശ്വരം, മഞ്ഞപ്ര വഴി അങ്കമാലിയിലെത്തും. പീരുമേട്, തൊഴുപുഴ മേഖലയിൽ നിന്നുള്ളവർ പെരുമ്പാവൂർ, ആലുവ കെ. എസ്. ആർ. ടി. സി റൂട്ടിൽ വന്ന് ദേശം കവലയിൽ ആളെ എത്തിക്കും.  വനിതാ മതിലുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ ഇടപ്പള്ളി ജംഗ്ഷനാണ് പ്രധാന കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള വനിതകൾ ആലപ്പുഴയിലാണ് അണിനിരക്കുക. തിരുവല്ല, മല്ലപ്പള്ളി മേഖലയിലുള്ളവർ അമ്പലപ്പുഴ മേൽപ്പാലം വടക്കേയറ്റം മുതൽ പോസ്‌റ്റോഫീസ് വരെ അണിനിരക്കും. ഇരവിപേരൂർ, കോഴഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ളവർ മറിയ മോണ്ടിസോറി സ് കൂൾ മുതൽ കരൂർ ജംഗ്ഷൻ വരെ മതിൽ സൃഷ്ടിക്കും. റാന്നി, പെരുനാട് മേഖലകളിൽ നിന്നുള്ളവർ പഴയങ്ങാടി ഐസ് പ്ലാന്റ് മുതൽ പുറക്കാട് ജംഗ്ഷൻ മുസ്‌ലീം പള്ളി വരെ നിൽക്കും. പത്തനംതിട്ട, കോന്നി മേഖലകളിൽ നിന്നുള്ളവർ കരുവാറ്റ ടിബി സെന്റർ മുതൽ ഗേൾസ് സ്‌കൂൾ വരെ അണിനിരക്കും. പന്തളത്ത് നിന്നുള്ളവർ ചേപ്പാട് മുതൽ ഏവൂർ വരെയും അടൂർ, കൊടുമൺ ഭാഗത്ത് നിന്നുള്ളവർ സ്പിന്നിംഗ് മിൽ ഗേറ്റ് മുതൽ ഷാഹിദാർ പള്ളി ജംഗ്ഷൻ വരെ നിൽക്കും.
പത്തനംതിട്ടയിൽ വനിതാ മതിൽ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിപുലമായ പ്രചാരണമാണ് നടക്കുന്നത്. ചരിത്രപ്രദർശനം, വിളംബരജാഥകൾ, ഗൃഹസന്ദർശനം, ചുവരെഴുത്ത്, പോസ്റ്റർ പതിക്കൽ, ലഘുലേഖ വിതരണം എന്നിവ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. കൊല്ലം ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും അവലോകന യോഗങ്ങൾ ഇന്നലെ (ഡിസംബർ 27) നടന്നു. വനിതകളുടെ വാർഡ്തല പങ്കാളിത്തം സംബന്ധിച്ച് അന്തിമ രൂപരേഖയായി. കോഴിക്കോട് ജില്ലയിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ വനിതകൾ അണിനിരക്കേണ്ടത് സംബന്ധിച്ച് അന്തിമ രൂപരേഖയായി. 28ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജില്ലാതല വിളംബരജാഥ നടക്കും. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യവുമായി കോഴിക്കോട് സിവിൽ സ്‌റ്റേഷനിൽ പോസ്റ്റർ പ്രചാരണം നടന്നു. വനിതാ ജീവനക്കാർ ബാനറിൽ ചിത്രം വരച്ചും ഒപ്പ് ചാർത്തിയും ഐക്യദാർഡ്യം അറിയിച്ചു. കോട്ടയത്ത് വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണം സജീവമായി നടക്കുന്നുണ്ട്.
തൃശൂർ പൊങ്ങത്ത് നിന്നും ചെറുതുരുത്തിയിൽ നിന്നും വനിതകളുടെ ബൈക്ക് റാലി 31ന് നടക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന റാലി തേക്കിൻകാട് ചുറ്റി മടങ്ങും. വനിതകളുടെ നേതൃത്വത്തിൽ ചുവരെഴുത്തും പോസ്റ്റൽ പതിക്കലും ഗൃഹസന്ദർശനവും നടക്കുന്നു.