വനിതാമതിൽ പ്രചാരണാർത്ഥം നവോത്ഥാനമൂല്യസംരക്ഷണസമിതി വനിതാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളയമ്പലം മാനവീയം വീഥിയിൽ സർഗാരവം സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ എം.പി പി.സതീദേവി ഉദ്ഘാടനം ചെയ്തു. ആചാരങ്ങളുടെ പേരിൽ മലീമസമായ ഒരു സാംസ്‌കാരികാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുള്ള സ്ത്രീകളുടെ ചെറുത്തുനില്പാണ് വനിതാമതിലെന്ന് അവർ പറഞ്ഞു. ഭരണാഘടനാദത്തമായ ജനാധിപത്യാവകാശങ്ങൾക്കുവേണ്ടിയുള്ള കൂട്ടായ്മയാണത്. നവോത്ഥാന മൂല്യസംരക്ഷണസമിതി വനിതാസെക്രട്ടേറിയറ്റ് കൺവീനർ കെ.ശാന്തകുമാരി അധ്യക്ഷയായി. പുതിയ പെൺപിറവിയുടെ ചരിത്രം കുറിക്കുന്നതാണ് വനിതാമതിലെന്ന് അവർ പറഞ്ഞു. സാമൂഹിക പ്രവർത്തക ധന്യാരാമൻ, സുജ സതീഷ്, വനജ വിദ്യാധരൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നാടൻ പാട്ടുകളും അവതരിപ്പിച്ചു.