പ്രളയാനന്തര കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ഹരിത പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. പ്രളയത്തെ തുടര്‍ന്നുള്ള വരള്‍ച്ചയെ നേരിടുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടനീളം 30 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കും. ജില്ലയിലെ 13 ബ്ലോക്കുകളുടെ കീഴിലായി സ്ഥലം കണ്ടെത്തിയാണ് ഹരിതവനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നെന്മാറ, തിരുമിറ്റക്കോട് എന്നിവിടങ്ങളില്‍ ഹരിതവന സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്ഥല ലഭ്യത ഉണ്ടാവാത്ത സാഹചര്യത്തില്‍ നദീതീരങ്ങളില്‍ വൃക്ഷതൈകള്‍ നട്ട് ഇക്കോ പാര്‍ക്കുകളായി വികസിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധികാര വികേന്ദ്രീകരണവും സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണവും കേരളത്തില്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ജനകീയാസൂത്രണം 2019-20 ഉദ്ഘാടനം ചെയ്ത് കെ.വി.വിജയദാസ് എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകള്‍ ശരാശരി 71 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചിട്ടുണ്ട്. പഞ്ചായത്ത്തല കരാര്‍ ജോലികള്‍ അംഗീകൃത ഏജന്‍സികള്‍ക്ക് നല്‍കാനുള്ള നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ തനത് പദ്ധതിയായ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി തൂതപ്പുഴ നദീതട ശാക്തീകരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. നീര്‍ച്ചാലുകള്‍ വികസിപ്പിച്ചും കൈയേറ്റം തടഞ്ഞും നദീതടങ്ങളില്‍ വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും. കൂടാതെ ഹരിതകേരള മിഷനുമായി ചേര്‍ന്ന് ജില്ലയിലെ 13 ബ്ലോക്കുകളിലും മഴമാപിനികളും ഉഷ്ണമാപിനികളും സ്ഥാപിക്കും. ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങള്‍ നിറഞ്ഞ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ താപനിലയില്‍ ഏറെ വ്യത്യാസമുള്ളതിനാലാണ് ഇത്തരം ഒരു സംരംഭം ആവിഷ്‌ക്കരിക്കുന്നത്. കൂടാതെ പ്രമുഖ കാലാവസ്ഥാ നിരീക്ഷകനായിരുന്ന ഡോ.പി.ആര്‍.പിഷാരടിയുടെ പേരില്‍ ചിറ്റൂര്‍ ഗവ.കോളെജുമായി സഹകരിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കും.
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ജലശുദ്ധി പരിശോധിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും സെമിനാറില്‍ അധ്യക്ഷനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് പറഞ്ഞു. കൂടാതെ കര്‍ഷകര്‍ക്കായി പച്ചക്കറി സംഭരണ കേന്ദ്രം, നെല്ല് സംഭരണകേന്ദ്രം, ജില്ലയിലെ അഞ്ചു ഫാമുകളുടെ അടിസ്ഥാന സൗകര്യ വികസനം, വയോജനങ്ങള്‍ക്കായി സ്നേഹവീടുകള്‍, കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി സ്‌കൂളുകളില്‍ ജിംനേഷ്യം എന്നിവയും ആരംഭിക്കും. 130.76 കോടിയുടെ പദ്ധതികള്‍ക്കാണ് 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ രൂപം നല്‍കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.സുധാകരന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗീത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബിനു മോള്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സി.അച്ചുതന്‍, വി മുരുകദാസ്, പി. ശ്രീജ, പ്ലാനിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബി.എം. മുസ്തഫ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.സി.സുബ്രമണ്യന്‍, സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പന്‍ എന്നിവര്‍ സംസാരിച്ചു.