മണ്ഡല മഹോത്സവത്തിനു ഏര്‍പ്പെടുത്തിയ സംവിധാനങ്ങളിലെ പോരായ്മകള്‍ കണ്ടെത്തി പരിഹരിച്ച് മകരവിളക്ക് മഹോത്സവത്തിന് ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മകരവിളക്ക് ഒരുക്കങ്ങളും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യാന്‍ സന്നിധാനത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. നിരവധി പ്രതിസന്ധികള്‍ക്കിടയിലും മണ്ഡല മഹോത്സവം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സേനാവിഭാഗങ്ങളും നിലവിലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. മകരവിളക്ക് കാലത്ത് നടപ്പാക്കേണ്ട നിര്‍ദേശങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മകരവിളക്കിന് സന്നിധാനത്ത് ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്ന സംവിധാനത്തെ കുറിച്ച്  ദേശീയ ദുരന്തനിവാരണ സേന വിവരിച്ചു. നിലവില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണസജ്ജമാണ്. ഹൃദ്രോഗവിദഗ്ധരടക്കം പമ്പയില്‍ എട്ടും നിലയ്ക്കല്‍ ഏഴും ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. കൂടാതെ അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിലും മലകയറുന്ന അയ്യപ്പഭക്തര്‍ക്കായി ഹൃദ്രോഗവിദഗ്ധരുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കുട്ടി മുങ്ങി മരിച്ചതടക്കം ഇതുവരെ മണ്ഡലക്കാലത്ത് 16 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറച്ച് പകര്‍ച്ചവ്യാധികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആവശ്യത്തിന് ജീവനക്കാരും മരുന്നും ലഭ്യമാണ്.
അടിയന്തര ഘട്ടങ്ങളില്‍ ഇടപ്പെടാന്‍ ദുരന്തനിവാരണസേന മൂന്നു വിഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ വകുപ്പുകളായി സഹകരിച്ച് ദിവസേന പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. മകരവിളക്കിന് മുന്നോടിയായി ദുരന്തനിവാരണ സമിതി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ പ്രത്യേക യോഗം ചേരും. പമ്പയിലെ സിഗ്നല്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. കുടിവെളള വിതരണം പരാതികള്‍ക്കിട നല്‍കാതെ കാര്യക്ഷമായി നടക്കുന്നുണ്ടെന്ന് ജലവിതരണ വകുപ്പും അറിയിച്ചു. വനംവകുപ്പ് പമ്പയില്‍ നിന്നും സന്നിധാനത്തു നിന്നും ഇതുവരെ ഇരൂന്നുറ്റി അമ്പതോളം പാമ്പുകളെ പിടികൂടി. എലിഫന്റ് സ്വാഡ് മുഴുവന്‍ സമയവും സജ്ജമാണ്. പന്നിയുടെ തേറ്റ കൊണ്ട 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പന്നിശല്യം പരിഹരിക്കാന്‍ എലിഫന്റ് സ്വാഡിന്റെ കൂടി സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കി. കെ.എസ്.ഇ.ബി ആയിരം ലൈറ്റുകള്‍ കൂടി അധികമായി സ്ഥാപിക്കും. അയ്യപ്പസേവാ സംഘം ദിവസേന പതിനായിരം പേര്‍ക്ക് അന്നദാനം നല്‍കുന്നുണ്ട്. ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്നതില്‍ കാലതാമസം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്  പണമെണ്ണുന്ന മെഷീന്‍ പൂര്‍ണ്ണ സജ്ജമാക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ റോഡപകടങ്ങള്‍ കുറവാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് യോഗത്തില്‍ അറിയിച്ചു. നിലവിലെ ട്രാഫിക് പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. കെ.എസ്്.ആര്‍.ടി.സി. പമ്പയില്‍ നിന്നും 200 ബസുകള്‍ മകരവിളക്ക് മഹോത്സവത്തിന് സര്‍വീസ് നടത്തും.
പ്രശ്‌നങ്ങളില്‍ താമസമില്ലാതെ ഇടപ്പെടാന്‍ ബോര്‍ഡിനു കഴിഞ്ഞെന്നും മണ്ഡലകാലത്തെ ന്യൂനതകള്‍ മകരവിളക്ക് കാലത്ത് പരിഹരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. സന്നിധാനം ദേവസ്വം ഗസ്റ്റ്് ഹൗസ് സമ്മേളനഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ശബരിമല എഡിഎം വി.ആര്‍. പ്രേംകുമാര്‍, സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ജി. ജയദേവ്, പമ്പ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയ ഗോകുലചന്ദ്രന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, അഡ്വ. എന്‍. വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, വിവിധ സേനാവിഭാഗങ്ങള്‍, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, ആയൂര്‍വേദം, ഹോമിയോ, ദുരന്തനിവാരണം സമിതി, പോസ്റ്റല്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി, ബി.എസ്.എന്‍.എല്‍, വാട്ടര്‍ അതോറിട്ടി, വനംവകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്,  ഉദ്യേഗസ്ഥരും കെ.എസ്.ഇ.ബി, ബാങ്ക് അധികൃതരും അയ്യപ്പസേവാ സംഘം പ്രതിനിധികളും പങ്കെടുത്തു.
മകരവിളക്കുത്സവത്തിന് 30ന് നട തുറക്കും
നാല്‍പ്പത്തിയൊന്നു ദിവസത്തെ മണ്ഡലകാല തീര്‍ഥാടനത്തിലെ പ്രധാനചടങ്ങായ മണ്ഡലപൂജ ഇന്നലെ നടന്നു. രാവിലെ മൂന്നിന് നട തുറന്ന ശേഷം 3.05 ന് നിര്‍മാല്യ പൂജ നടന്നു. 3.15 മുതല്‍ നടന്ന നെയ്യഭിഷേകത്തിനും രാവിലെ 7.30ന് നടന്ന ഉഷപൂജയ്ക്കും ശേഷം ഉച്ചയ്ക്ക് 12 നാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നത്. തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍.വിജയകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ ജി. ജയദേവ്, പമ്പ പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കാര്‍ത്തികേയ ഗോകുലചന്ദ്രന്‍, ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. മകരവിളക്കുത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് 5.30ന് നട തുറക്കും. 2019 ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.