എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന തരത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ആധുനികവത്ക്കരണം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കീക്കോഴൂര്‍ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബാങ്കിംഗ് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തി നില്‍ക്കുന്ന കാലഘട്ടമാണിത്. പുതിയ തലമുറ ന്യൂജന്‍ ബാങ്കുകള്‍ തേടി പോകുന്നത് സേവനങ്ങള്‍ അതിവേഗം ലഭ്യമാകുന്നതു കൊണ്ടാണ്. ഈ മാറ്റം കണ്ടറിഞ്ഞ്  സഹകരണ ബാങ്കുകള്‍ പ്രവൃത്തനം നടത്തിയില്ലെങ്കില്‍ ബാങ്കിന് വളര്‍ച്ചയുണ്ടാവുകയില്ല.
കേരളാ ബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ബാങ്കിംഗ് മേഖലയുടെ എല്ലാ സാധ്യതകളും ആധുനികവത്ക്കരണവും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുക എന്നതാണ്.
ഒന്നര ലക്ഷം  കോടിയിലധികം വരുന്ന വിദേശ മലയാളികളുടെ നിക്ഷേപത്തിന്റെ പകുതിയെങ്കിലും കേരളാ ബാങ്കില്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍ അത് വലിയ നേട്ടമാവും.
നിലവില്‍ ആയിരം കോടി രൂപയിലധികം നിക്ഷേപം ഉള്ള സഹകരണ ബാങ്കുകള്‍ ഉണ്ടെങ്കിലും അവ ആധുനികവത്ക്കരണത്തിന് വേണ്ട പ്രാധാന്യം നല്‍കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്.
സാമ്പത്തിക മേഖലയില്‍ കേരളത്തിന് തനത് വ്യക്തിത്വം നല്‍കുവാന്‍ സഹകരണ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. അത് കേരള നവോത്ഥാനത്തിന്റെ ഭാഗം കൂടിയാണ്.
വിദ്യാഭ്യാസ മേഖലയിലെന്ന പോലെ തന്നെ കേരളത്തിന് എടുത്തുകാട്ടുവാന്‍ കഴിയുന്ന നേട്ടങ്ങളായി ആരോഗ്യമേഖലയും, സഹകരണ മേഖലയും മാറിക്കഴിഞ്ഞു.ഇത് ഇല്ലാതെ പോകുവാന്‍ നാം ഇനി അനുവദിക്കരുത്. അതിനായി നാം ഏവരും ഈ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണമെന്ന് മന്ത്രി പറഞ്ഞു.ഈ കൂട്ടായ്മയെ പൊളിക്കുവാന്‍ ഗൂഢമായ പ്രവൃത്തികള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇവയെ ചെറുത്ത് തോല്‍പ്പിച്ചത് മലയാളികളുടെ ഒറ്റക്കെട്ടായ പ്രവൃത്തനമാണ്.
കുട്ടികള്‍ക്കുള്ള പഠനോപകരണ വിതരണം രാജു എബ്രഹാം എം എല്‍ എ നിര്‍വഹിച്ചു. പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സൂസന്‍ അലക്‌സ്, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, വൈസ് പ്രസിഡന്റ്  വി.പി. ഗോപി ,മെമ്പര്‍മാരായ ആനി വര്‍ഗീസ്, വത്സമ്മ എബ്രഹാം, ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) ജോസ് എബ്രഹാം ,അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.ബിന്ദു, ഭരണസമിതി അംഗം ജോര്‍ജ് തോമസ് പുന്നക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.