കൊച്ചി: വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഇടപ്പള്ളി ക്ലസ്റ്റർ ഉദ്ഘാടനം പ്രസിഡന്‍റ് എം. ആർ. ആന്റണി നിര്‍വ്വഹിച്ചു.

കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനും കലകളെ വ്യാപരിപ്പിക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനസർക്കാരും സാംസ്കാരിക വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പദ്ധതി നടപ്പിലാക്കുന്നത് .

സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളില്‍ നിന്നും കലാവിഷയങ്ങളില്‍ നിശ്ചിത യോഗ്യത നേടിയവരോ ഫോക്‌ലോര്‍ കലാരൂപങ്ങളില്‍ പ്രാവീണ്യമുള്ളവരോ ആയ 35 വയസ്സ് കവിയാത്ത 1000 യുവകലാകാരന്മാര്‍ക്കാണ് സര്‍ക്കാര്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ് നൽകുന്നത്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
വിവിധ കലാരൂപങ്ങൾ പഠിക്കാൻ സാധിക്കാതെ പോയ കലാകാരന്മാർക്ക് തനത് കലകൾ സൗജന്യമായി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും പഠിക്കാൻ സാധിക്കും.

ഇടപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ലില്ലി ആൽബർട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ എസ് കുഞ്ഞുമോൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല കോ-ഓഡിനേറ്റര്‍ ഡോ.കെ.എസ്.കവിത, എന്നിവര്‍ പങ്കെടുത്തു. വിവിധ നാടൻ കലാരൂപങ്ങളും, നാടോടിപ്പാട്ടുകളും അവതരിപ്പിച്ചു. ചിത്രകലാ പ്രദർശനവും നടത്തി.

ഫോട്ടോ ക്യാപ്ഷൻ : വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഇടപ്പള്ളി ക്ലസ്റ്റർ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്‍റ് എം.ആർ. ആന്റണി നിർവഹിക്കുന്നു.