കൊച്ചി: പ്രകൃതിയെ സംരക്ഷിച്ച് കൊണ്ട് പാരമ്പര്യ ഊര്‍ജ്ജസ്രോതസുകള്‍ ഉപയോഗപ്പെടുത്തി ഊര്‍ജ്ജ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ  ഊര്‍ജ്ജ വകുപ്പ് ഏജന്‍സിയായ അനര്‍ട്ടിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഊര്‍ജ്ജമിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. 140-നിയോജക മണ്ഡലങ്ങളിലും  ഊര്‍ജ്ജമിത്ര കേന്ദ്രം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ ഊർജ്ജ സേവന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചത്.

നഗരസഭ ചെയർപേഴ്സൺ ഉഷ ശശീധരന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി മുഖ്യാതിഥിയായിരുന്നു. ഊര്‍ജ്ജമിത്ര സംരംഭകന്‍ ഷാബു ജേക്കബ് , അനര്‍ട്ട് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണകുമാര്‍ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് അനര്‍ട്ടിന്റെ നേതൃത്വത്തില്‍ സെമിനാറും നടന്നു. പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ സോളാര്‍ പവര്‍ പ്ലാന്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ബയോഗ്യാസ് പ്ലാന്റുകള്‍ ഉള്‍പ്പടെയുള്ള അക്ഷയ ഊര്‍ജ്ജ ഉപകരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും സ്ഥാപിക്കുന്നതിനും അവയുടെ പരിപാലനത്തിനും ആവശ്യമായ സാങ്കേതിക സഹായവും അനുബന്ധ സേവനങ്ങളും ഊര്‍ജ്ജമിത്ര കേന്ദ്രം വഴി ലഭ്യമാകും.

ക്യാപ്ഷൻ- മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍  പ്രവര്‍ത്തനമാരംഭിക്കുന്ന ഊര്‍ജ്ജമിത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു.