*സാമൂഹികമാധ്യമങ്ങളിൽ വൈറലായി മുദ്രാഗാനം
ഉയരുയരുയരോ…
ഉണരുണരുണരോ….
ഉയരുയരുയരോ വനിതാ മതിലിവിടുയരുയരുയരോ
ഉണരുണരുണരോ വനിതാ സമത്വനിനവിവിടുണരുണരോ
സാമൂഹ്യ നവോത്ഥാനക്കതിരുണരുണരുണരോ…
അനാചാരക്കോട്ടകൾക്കെതിരെ സ്ത്രീമുന്നേറ്റത്തിന്റെ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന വനിതാമതിലിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ഗാനങ്ങൾ കേരളം നെഞ്ചേറ്റിക്കഴിഞ്ഞിരിക്കുന്നു. പ്രഭാവർമ്മ രചിച്ച്, മാത്യു ഇട്ടി സംഗീതസംവിധാനം നിർവഹിച്ച്, സരിതാറാം ആലപിച്ചിരിക്കുന്ന ഉയരുയരോ.. എന്ന വനിതാമതിൽ മുദ്രാഗാനം ഉൾപ്പെടെ വനിതാമതിലിന്റെ പ്രചാരാണർഥമുള്ള പാട്ടുകളെല്ലാം ഫേസ്ബുക്കും യു ട്യൂബും പോലുള്ള വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. സ്ത്രീകൾക്ക് ദുർനീതി നൽകുന്ന അസമത്വത്തിന്റെ അനീതിപർവം തിരുത്തും എന്ന് പ്രഖ്യാപിക്കുന്ന പ്രഭാവർമ്മ രചിച്ച മുദ്രാഗാനത്തിന് രണ്ടുലക്ഷത്തോളം ഹിറ്റുകളാണ് ലഭിക്കുന്നത്. ദ്രവിച്ച പഴയകാലത്തെ തിരിച്ചുകൊണ്ടുവരുന്നതിനെതിരെയുള്ള ഉണർത്തുപാട്ടായി മുദ്രാഗാനം മാറുന്നു.
തനതായ ആലാപനശൈലിയിലൂടെ ഇതിനകം നിരവധി ആരാധകരെ സമ്പാദിച്ചുകഴിഞ്ഞ പുഷ്പവതിയുടെ ഗാനവും തരംഗമായി. പൊരുതുവാൻ ഞങ്ങളീ തെരുവുകളിലുണ്ട്, മുലച്ചിപ്പറമ്പിലെ ചോരയാകാൻ, ആചാരമതിലുകൾ ഉയരുന്ന നേരത്ത് ആർത്തിരമ്പാനായി ഒരുങ്ങി ഞങ്ങൾ..എന്ന പാട്ട് ഒരു കൂടുംബം ഒന്നിച്ച് പാടി സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ നാം മുന്നോട്ടിൽ പങ്കെടുത്തുകൊണ്ട് പുഷ്പവതി ഈ ഗാനം ആലപിച്ചിരുന്നു. ജോഷി ഇടശ്ശേരിയാണ് ഇതിന്റെ ഗാനരചന.
വിലക്കുകൾ തകർത്തെറിഞ്ഞ കേരളത്തിലെ സ്ത്രീമുന്നേറ്റത്തിന്റെ ഉജ്ജ്വലചരിത്രത്തെ ആവിഷ്‌കരിക്കുന്ന കരിവെള്ളൂർ മുരളിയുടെ രചനയും ശ്രദ്ധേയമാണ്. ഉയരുകയാണിതാ പുതിയൊരു പെൺമതിൽ.. വിലങ്ങഴിച്ചെറിഞ്ഞും വിലക്കുകൾ തകർത്തും സഹോദരീ വരൂ..വരൂ സഖീ എന്ന  വരികൾക്ക് രാഹുൽ ബി.അശോകാണ് സംഗീതസംവിധാനം. രതീഷ് നാരായണൻ ആലപിച്ചിരിക്കുന്നു. സുധ ഷാബുവിന്റെ സ്ത്രീശബ്ദവും പാട്ടിനുണ്ട്.
വിപ്‌ളവഗായിക പി.കെ.മേദിനിയുടെ പെൺപോരാട്ടവീര്യം നിറഞ്ഞുനിൽക്കുന്ന ഗാനവും ആവേശമുണർത്തുന്നതാണ്. ആരോ പണ്ടുപറഞ്ഞു സ്ത്രീകൾ അബലകളെന്ന്, ആചാരങ്ങൾ പറഞ്ഞു സ്ത്രീകൾ അശുദ്ധരെന്ന്.. എന്നു തുടങ്ങുന്ന പാട്ട് അവസാനിക്കുന്നത് ഞങ്ങൾ അബലകളല്ല, ഞങ്ങൾ അശുദ്ധരല്ല എന്ന പ്രഖ്യാപനത്തോടെയാണ്. അനിൽ വി.നാഗേന്ദ്രൻ രചിച്ച ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത് പി.കെ.മേദിനി തന്നെയാണ്. പഴയ ഭ്രാന്താലയം തകർത്ത് പണിത കേരളമെന്ന സ്‌നേഹഗോപുരത്തെ പിറകോട്ടുകൊണ്ടുപോവാൻ അനുവദിക്കില്ലെന്ന കവി മുരുകൻ കാട്ടാക്കടയുടെ കാമ്പും കരുത്തുമുള്ള വരികളും ആലാപനവുമാണ് മറ്റൊന്ന്. സഹ്യനിൽനിന്ന് നാക്കില പോലവെ ഹരിതസുന്ദരം കേരളം നമ്മളുയരണം ലോകവനികയിൽ എന്നു തുടങ്ങുന്നു മുരുകൻ  കാട്ടാക്കടയുടെ ഗാനം.
സുജാതാ മേനോൻ സംഗീതം നൽകി ആലപിച്ചിരിക്കുന്ന വൃന്ദാ മോഹൻദാസിന്റെ കവിതയും ശ്രദ്ധേയമാണ്. ഇവിടെയീ നാലുചുവരുകൾക്കുള്ളിൽ ഇനിയും പതുങ്ങുവാനാവതില്ല..എന്ന കവിത കരുത്താർജിക്കുന്ന സ്ത്രീയുടെ ശബ്ദമാണ്.