മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് 2012 മുതല്‍ പരിഗണിച്ചു തീര്‍പ്പാക്കി കടാശ്വാസം ശുപാര്‍ശ ചെയ്ത് സഹകരണ വകുപ്പ് വായ്പ കണക്ക് പരിശോധിച്ച കേസുകളില്‍ ഇനിയും കടാശ്വാസ തുക ലഭിച്ചിട്ടില്ലെന്ന പരാതികളില്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്കും ഫിഷറീസ് ഡയരക്ടര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങിലാണ് വര്‍ഷങ്ങളായി ദുരതിമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന ഉത്തരവ് നല്‍കിയത്.കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം അനുവദിച്ച ആശ്വാസ വായ്പാ കണക്കില്‍ വരവ് വെക്കല്‍, വായ്പാ കണക്ക് തീര്‍പ്പാക്കുന്നതിലുള്ള കാലതാമസം, കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്കാതിരിക്കല് തുടങ്ങിയ വിവിധങ്ങളായ പരാതികള്‍ കമ്മീഷന് ലഭിച്ചു. ഹാജരായ 16 മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ സിറ്റിങില്‍ പരിഗണിച്ചു.
ജില്ലാ സഹകരണ ഹൗസിങ് സൊസൈറ്റി, തൃക്കരിപ്പൂര്‍ റൂറല്‍ സഹകരണ ഹൗസിങ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത് കടാശ്വാസം ശുപാര്‍ശ ചെയ്ത കേസുകളില്‍ പ്രമാണങ്ങള്‍ തിരിച്ചു നല്‍കിയില്ല എന്ന പതിമൂന്നോളം പരാതികളില്‍ ഈടാധാരങ്ങള്‍ ഹൗസിങ് ഫെഡറേഷന് തിരികെ നല്‍കുന്നില്ല എന്ന് സംഘം സെക്രട്ടറിമാര്‍ ബോധിപ്പിച്ചു. ഈ വിഷയത്തില്‍ അടുത്ത സിറ്റിങില്‍ സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷന് എം.ഡിയോട് ഹാജരായി വിശദീകരണം നല്‍കുന്നതിന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
കോട്ടച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എടുത്ത 10,000 രൂപയുടെ വായ്പ കാലഹരണപ്പെട്ടതാകയാല്‍ കടാശ്വാസം അനുവദിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഈടാധാരം തിരികെ നല്കി കടക്കണക്ക് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഉദുമ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 2006-ല്‍ എടുത്ത മത്സ്യത്തൊഴിലാളിയുടെ 10,000 രൂപയുടെ വായ്പക്ക് കുടിശ്ശിക 164 രൂപയുണ്ടായിരുന്നത് 2009-ല്‍ പുതുക്കി 15,000 രൂപയുടെയും 2014-ല്‍ 25,000 രൂപയുടെയും വായ്പയായി വീണ്ടും പുതുക്കിയതു കാരണം കടാശ്വാസത്തിന് അര്‍ഹത 164 രൂപ മാത്രമാണെന്നിരിക്കെ ശുപാര്‍ശ ചെയ്ത തുക അധികമാണെന്ന് കാണുകയാല്‍ റദ്ദ് ചെയ്യാന്‍ ഉത്തരവായി. പുതിയ വായ്പയില്‍ ബാദ്ധ്യത ആകെ 32,000 രൂപയില്‍ 28,000 രൂപ അടച്ച് തീര്‍പ്പാക്കാനും അതിലേക്ക് 25,000 രൂപയുടെ പുതിയ വായ്പ ഭാര്യക്ക് അനുവദിക്കാനും 3000 രൂപ പരാതിക്കാരന് അടക്കാനും ബാങ്കുമായി ധാരണയായി.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ മേല്പപറമ്പ് ശാഖയില്‍ നിന്നും 1 ലക്ഷം രൂപയുടെ വായ്പ എടുത്ത മത്സ്യത്തൊഴിലാളിക്ക് പരമാവധി കടാശ്വാസ തുകയായ 75,000 രൂപയും വിഹിത പലിശയും അനുവദിച്ചെങ്കിലും ബാക്കി മുതല്‍ സംഖ്യ അടക്കാന്‍ മത്സ്യത്തൊഴിലാളി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പരാതിക്കാരന്റെ സ്വത്തും പ്രായവും മകന്റെയും മകന്റെ മകളുടെ രോഗാവസ്ഥയും എല്ലാം കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച് ഹെഡ് ഓഫീസിന്റെ അനുമതിയോടെ വായ്പ തീര്‍പ്പാക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ തൃക്കണ്ണാട് ബ്രാഞ്ചില്‍ നിന്നും 2004-ലും 2005-ലും വായ്പയെടുത്ത 2 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍, യഥാക്രമം 25,000 രൂപയും 10,000 രൂപയും, കാലഹരണപ്പെട്ട വായ്പകളായതിനാല്‍ കടാശ്വാസം അനുവദിച്ചിരുന്നില്ല. എന്നാല്‍ കാലഹരണ നിയമം മറികടക്കുന്നതിന് ബുക്ക് അഡ്ജസ്റ്റ്മെന്റില്‍ പ്രതിഫലമില്ലാത്ത പുതിയ വായ്പകളായി മാറ്റിയ നടപടി റിസര്‍വ്വ് ബാങ്ക് ചട്ടങ്ങള്‍ക്കും റഗുലേഷനുകള്‍ക്കും എതിരാണെന്നതിനാല്‍ കടക്കണക്ക് അവസാനിപ്പിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു.
2008 ഡിസംബര്‍ 31 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകള്‍ക്ക് കടാശ്വാസം പരിഗണിക്കുന്നതിന് കടാശ്വാസ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. അത് പ്രകാരം ഇനിയും കടക്കണക്ക് അവസാനിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന മുറക്ക് കമ്മീഷന് നടപടിയെടുക്കും. അപേക്ഷ സ്വീകരിക്കുന്ന വിശദാംശങ്ങള്‍ പത്ര-മാധ്യമങ്ങളിലൂടെ അറിയിക്കും. കടാശ്വാസ സംബന്ധമായി കമ്മീഷന് മുമ്പാകെ ഇന്നും പുതിയ പരാതികള്‍ ലഭിക്കുകയുണ്ടായി. അവ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് നോട്ടീസ് നല്‍കും. അടുത്ത കമ്മീഷന് സിറ്റിങിന്റെ തീയ്യതി മുന്‍കൂട്ടി പത്ര-മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.
സിറ്റിങില്‍ ജില്ലാ സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ബെന്നി ജോസഫ്, അസിസ്റ്റന്റ് ഡയറക്ടര്‍ പി. ബാബുരാജന്, കമ്മീഷന് നിരീക്ഷകന് ആര്. ഗംഗാധരന്, നാഷണലൈസ്ഡ്,ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പരാതി സമര്‍പ്പിച്ചവരും പങ്കെടുത്തു.
മത്സ്യത്തൊഴിലാളി കടാശ്വാസ തുക വിതരണം ചെയ്യാന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം
Home /ജില്ലാ വാർത്തകൾ/കാസർഗോഡ്/മത്സ്യത്തൊഴിലാളി കടാശ്വാസ തുക വിതരണം ചെയ്യാന്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം