· ജില്ലാതല പട്ടയ മേളയിൽ 146 പട്ടയങ്ങൾ നൽകി

ആലപ്പുഴ: സംസ്ഥാനത്ത് അവശേഷിക്കുന്ന മുഴുവൻ അർഹതപ്പെട്ടവർക്കും പട്ടയം നൽകുമെന്ന് റവന്യൂ- ഭവനനിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ആലപ്പുഴ ടൗൺഹാളിൽ നടന്ന ജില്ലാ പട്ടയ മേളയുടെ ഉദ്ഘാടനവും പട്ടയവിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 50,000 പട്ടയങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയമേളകൾ നടന്നുവരുന്നത്. വരുന്ന ഒരു മാസത്തിനുള്ളിൽ ഇരുപത്തിഅയ്യായിരത്തോളം പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ലാൻഡ് ട്രൈബ്യൂണലിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഓരോ ആറുമാസം കൂടുമ്പോഴും ജില്ലകളിൽ ഒരു പട്ടയമേള നടത്തണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇന്നലെ നടന്ന ജില്ലാതല പട്ടയമേളയിൽ 146 പട്ടയങ്ങളും 6 കൈവശ രേഖകളും വിതരണം ചെയ്തു. അമ്പലപ്പുഴ താലൂക്കിൽ അഞ്ചുപട്ടയവും ചേർത്തല താലൂക്കിൽ 16 പട്ടയങ്ങളും കുട്ടനാട് താലൂക്കിൽ 46 പട്ടയങ്ങളും കാർത്തികപ്പള്ളി താലൂക്കിൽ 61 പട്ടയങ്ങളും മാവേലിക്കര താലൂക്കിൽ നാല് പട്ടയങ്ങളും ചെങ്ങന്നൂരിൽ 14 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. ചേർത്തലയിൽ നിന്ന് അഞ്ച് പേർക്കും മാവേലിക്കരയിൽ നിന്ന് ഒരാൾക്കും കൈവശ രേഖ വിതരണം ചെയ്തു.

ഇതോടെ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ജില്ലയിൽ നാളിതുവരെ ആകെ 7 8 5 പട്ടയങ്ങളും അൻപത് കൈവശ രേഖയും വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. ഒക്ടോബർ മാസത്തിൽ ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ വച്ച് 142 പട്ടയങ്ങൾ റവന്യൂ മന്ത്രി തന്നെ വിതരണം ചെയ്തിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാകളക്ടർ എസ്.സുഹാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായ എസ്.മുരളീധരൻപിള്ള, എസ്.സന്തോഷ്‌കുമാർ, ചെങ്ങന്നൂർ ആർ.ഡി.ഓ അതുൽ എസ്.നാഥ് തുടങ്ങി വിവിധ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.