വെളിയനാട് : വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്വാപ്പ് ഷോപ്പും ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി എയ്‌റോബിക് കമ്പോസ്‌റ് യൂണിറ്റും സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. കെ. അശോകൻ ഉദ്ഘാടനം നിർവഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 2018-19ലെ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുനരുപയോഗ വസ്തുക്കളുടെ വിൽപ്പനയ്ക്കായി സ്ഥിരം സ്വാപ്പ് ഷോപ്പ് എന്ന ആശയവും പഞ്ചായത്തിൽ ഇക്കൊല്ലംമുതൽ നടപ്പിലാവുകയാണ്. മൂന്ന് മാസം കൂടുമ്പോൾ ്‌സ്വാപ്പ് ഷോപ്പ് നടത്തി സീറോ വേസ്റ്റിലേക്ക് മാറാനാണ് ബ്ലോക്ക് ലക്ഷ്യമിടുന്നത്. തുണിത്തരങ്ങൾ, ഫർണീച്ചർ,ടിവി, മിക്‌സി, ഇസ്തിരിപ്പെട്ടി, സ്‌കൂൾ സാമഗ്രികൾ തുടങ്ങി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പലതരം സാധനങ്ങളായിരുന്നു സ്വാപ്പ് ഷോപ്പിലൂടെ വിതരണം ചെയ്തത്.
വെളിയനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പുളിങ്കുന്ന് താലൂക്ക് ആശുപത്രി സമുച്ചയത്തിലെയും എയ്‌റോബിക് കമ്പോസ്‌റ് യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു നിർവഹിച്ചു. എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് എയ്‌റോബിക് കമ്പോസ്‌റ് യൂണിറ്റ് നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബേബി ചെറിയാൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ആൻസമ്മ മാത്യു, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടു്ത്തു.

v