ആലപ്പുഴ: പ്രളായനന്തരം ജില്ലയിലെ ടൂറിസം മേഖലയുടെ ഉണര്‍വ്വ് ലക്ഷ്യമിട്ട് നടത്തുന്ന ബീച്ച് ഫെസ്റ്റ് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 18 ഓളം സ്റ്റാളുകളാണ് ബീച്ച് ഫെസ്റ്റില്‍ ഒരുക്കിയിട്ടുള്ളണ്ട്. മേളയില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഫെസ്റ്റിന്റെ നടത്തിപ്പ്. അടുത്ത വര്‍ഷം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ധനസഹായം ഉപയോഗിച്ച് വിപുലമായ രീതിയില്‍ ഫെസ്റ്റ് നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ ഭക്ഷ്യമേള കൂടാതെ, ആസാമീസ് ന്യത്തോത്സവം, മല്ലാരി മ്യൂസിക്ക് നൈറ്റ്, നാടന്‍ പാട്ടരങ്ങ്, ഗാനമേള, വര്‍ണ്ണമഴ, പുതുവത്സര വരവേല്‍പ്പ് എന്നിവയും നടക്കും. പ്രളായന്തരം നവകേരള നിര്‍മ്മാണവും ഇത് കൊണ്ട് ലക്ഷ്യമിടുന്നു. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി. പി.വി. ബേബി, ഡി.റ്റി.പി.സി. സെക്രട്ടറി എം. മാലിന്‍, നഗരസഭാ സെക്രട്ടറി എസ്. ജഹാംഗീര്‍, അഡ്വ. റിഗോ രാജു, റ്റി. ജയമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.