കൊച്ചി: പറവൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയിലുള്ള വിവിധ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആറങ്കാവ്‌- കരിമ്പാടം റോഡ് ബി.സി റീ ടാറിംഗ് (80 ലക്ഷം), എ.ഐ ജലീൽ റോഡ് ബി.സി റീ ടാറിംഗ് (140 ലക്ഷം), പറവൂർ – ചേന്ദമംഗലം റോഡ് രണ്ടാം ഭാഗം ബി.എം.ബി.സി ടാറിംഗും നിലവിലെ വീതി കുറഞ്ഞ കലുങ്ക് പൊളിച്ച് പണിയലും (100 ലക്ഷം), അണ്ടിപ്പിള്ളിക്കാവ് – വടക്കുംപുറം റോഡിൽ വീതി കുറഞ്ഞ വാടേൽതോട് കലുങ്ക് പൊളിച്ച് വീതി കൂട്ടി പണിയുന്നതിനും വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ കാന പണിയുന്നതിനും (100 ലക്ഷം), ഏഴിക്കര ഗ്രാമപഞ്ചായത്തിലെ കടക്കര റോഡും, കടക്കര റോഡ് ബാക്കി ഭാഗവും എന്നീ റോഡുകൾ സൈഡ് കെട്ടി വീതി കൂട്ടി ബി.എം.ബി.സി ടാറിംഗ് നടത്തുന്നതിന് (250 ലക്ഷം), കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ തോന്ന്യകാവ് – തൃക്കപുരം റോഡിൽ മഹിളപ്പടിയിൽ ഉള്ള വീതി കുറഞ്ഞ കലുങ്ക് പൊളിച്ച് വീതി കൂട്ടി പണിയുന്നതിനും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിനും (170 ലക്ഷം), ചിറ്റാറ്റുകര പഞ്ചായത്തിലെ പൂയപ്പിള്ളി – തൃക്കടക്കാപ്പിള്ളി റോഡ് വീതി കൂട്ടി ബി.എം.ബി.സി ടാറിംഗ് നടത്തുന്നതിനായി (160 ലക്ഷം) എന്നീ പ്രവർത്തികളാണ് ഫണ്ട് ഉപയോഗിച്ച് നടത്തുന്നത്.

വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പ്രവർത്തികൾ ആരംഭിക്കുമെന്നും ഈ പ്രവർത്തനങ്ങളോടുകൂടി പറവൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയരുകയും ചെയ്യുമെന്ന് വി.ഡി സതീശൻ എംഎൽഎ അറിയിച്ചു.