കൊച്ചി: പ്രളയാനന്തരമുള്ള കൈത്തറി മേഖലയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചേന്ദമംഗലത്ത് അമ്മൂമ്മ തിരികൾ തെളിയിച്ചു. ചേക്കുട്ടി പാവകളുടെ നിർമ്മാണത്തിലൂടെ ശ്രദ്ധേയരായ ലക്ഷ്മി മേനോനും ഗോപി പാറയിലുമാണ് ആശയവുമായി മുന്നോട്ടെത്തിയത്. ചേന്ദമംഗലം പാലിയം ശിവക്ഷേത്രത്തിലെ കൽവിളക്കിലും ചുറ്റുവിളക്കുകളിലുമാണ് തിരികൾ ഉപയോഗിച്ച് ദീപം തെളിച്ചത്.
ചേക്കുട്ടി പാവകളുടെ നിർമ്മാണം കൈത്തറി മേഖലയുടെ തിരിച്ചുവരവിന് ഒരു പരിധിവരെ സഹായകമായിരുന്നു. പാവകളുടെ വിറ്റുവരവിൽ നിന്നുള്ള മുഴുവൻ തുകയും കൈത്തറിയുടെ ഉന്നമനത്തിനായി ഉപയോഗിച്ചു. ഇതുപോലെ പ്രളയത്തിൽ നശിച്ച, കൈത്തറി തുണിത്തരങ്ങൾക്കായുള്ള നൂലുകൾ ഉപയോഗിച്ചാണ് അമ്മൂമ്മ തിരികൾ ഉണ്ടാകുന്നത്. ഇതിന്റെ വിൽപനയിൽ നിന്നും ഒരു തുക കൈത്തറി മേഖലയ്ക്ക് നൽകും.
ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.ജി അനൂപ്, പഞ്ചായത്ത് അംഗങ്ങളായ രശ്മി അജിത്കുമാർ, പി.എ ഉണ്ണികൃഷ്ണൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി സുധീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ക്യാപ്ഷൻ: പ്രളയത്തിൽ നശിച്ച കൈത്തറി നൂലുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ അമ്മൂമ്മത്തിരികൾ കൊണ്ട് പാലിയം ശിവക്ഷേത്രത്തിലെ ചുറ്റുവിളക്കുകളിൽ ദീപം തെളിയിക്കുന്നു