നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്കിനു കീഴിലെ പഞ്ചായത്തുകളിൽ ഉൾപ്പെട്ട 23 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മാണത്തിനുള്ള ധനസഹായം നൽകി. പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയിൽ രണ്ട് ലക്ഷം രൂപയാണ് ധനസഹായം.ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പഠനമുറി നിർമ്മിച്ചു നൽകുന്നത്. വിദ്യാർത്ഥികൾക്ക് വീടുകളിൽ പഠന സൗകര്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

2018-19 സാമ്പത്തിക വർഷത്തിൽ 46 ലക്ഷം രൂപയാണ് പാറക്കടവ് ബ്ലോക്കിൽ വകുപ്പ് ഇതിനായി മാറ്റി വച്ചിരിക്കുന്നത്.120 ചതുരശ്ര അടിയിലുള്ള മുറികളാണ് നിർമ്മിക്കുന്നത്. രണ്ട് കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള സൗകര്യം മുറിയിൽ ഉണ്ടാകും. വൈദ്യുതി, ഫാൻ എന്നിവ ഉറപ്പു വരുത്തും. മുറിയുടെ ഭിത്തിയിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരയും നിർമ്മിച്ചു നൽകും.. വീടിനോട് ചേർന്നാണ് മുറി നിർമ്മിക്കേണ്ടത്. തറ ടൈൽ ചെയ്തായിരിക്കും മുറി ഒരുക്കുക.
പാറക്കടവ് ശ്രീ മൂലനഗരം പഞ്ചായത്തുകളിൽ ആറും, പുത്തൻവേലിക്കര പഞ്ചായത്തിൽ അഞ്ചും , നെടുമ്പാശ്ശേരിയിൽ നാലും കുന്നുകരയിൽ രണ്ടും, ചെങ്ങമനാട് ഒരു വിദ്യാർത്ഥിക്കുമാണ് പഠനമുറികൾ നൽകിയത്.
ആദ്യ ഗഡുവായി 30,000 രൂപ നൽകും. തറ നിർമ്മാണം പൂർത്തിയായാൽ രണ്ടാമത്തെ ഗഡുവായ 60,000 രൂപയും മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനായി 80,000 രൂപയും ബാക്കിയുള്ള 30,000 രൂപ അവസാന ഗഡുവായും നൽകും. ബ്ലോക്കിൽ 23 പേർ ആദ്യ ഗഡു കൈപ്പറ്റി പഠനമുറി നിർമ്മാണം തുടങ്ങി.