കാക്കനാട്: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ ഭിന്നശേഷിയുള്ളവർക്ക്  സുരക്ഷിതമായി വോട്ട് ചെയ്ത് തിരിച്ച് എത്തുന്നതിനുള്ള സൗകര്യം ജില്ലാ ഭരണകൂടം ഒരുക്കും. വിവിധ ജില്ലകളിൽ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന  മാതൃക പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്. മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റുള്ള ഭിന്നശേഷിക്കാർക്ക് സേവനം ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖാന്തിരം ഇവരുടെ വിവരങ്ങൾ ശേഖരിക്കും.

ജില്ലയിൽ പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികയിൽ പേര് ചേർക്കുന്നതിനായി പുതുതായി ലഭിച്ച ആകെ അപേക്ഷകൾ 53669. ഇതിൽ 48049 പേരെ പുതുതായി ചേർത്തു. വിവിധ കാരണങ്ങളാൽ 5402 അപേക്ഷകൾ തിരസ്കരിച്ചു. ജനുവരി 15ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും.

വോട്ടർ പട്ടികയിൽ പേരുള്ള 8509 ഭിന്നശേഷിക്കാരാണ് ജില്ലയിൽ ഉള്ളത്. ഏറ്റവുമധികം ഭിന്നശേഷിക്കാർ ഉള്ളത് അങ്കമാലി നിയോജക മണ്ഡലത്തിലാണ് 1272. രണ്ടാം സ്ഥാനം ആലുവയാണ് 1248. ഏറ്റവും കുറവ് ഭിന്നശേഷിക്കാർ ഉള്ളത് മൂവാറ്റുപുഴ മണ്ഡലത്തിലാണ് 149 പേർ.

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനായി അപേക്ഷിക്കുന്നവർ നിശ്ചിത മാതൃക യിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ വേണം ഉപയോഗിക്കേണ്ടത്. സെൽഫി ഫോട്ടോകളും ഭിത്തിയിൽ ഒട്ടിച്ച ഫോട്ടോകളും തൊപ്പി ധരിച്ചും കൂളിംഗ് ഗ്ലാസ് ധരിച്ചും മുല്ലപ്പൂവും മറ്റും ചൂടി എത്തുന്ന നിരവധി അപേക്ഷകളാണ് നിരസിക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികൾക്ക് ജനുവരി നാലിന് തുടക്കമാകും. നാലാം തീയതി വിവിപാറ്റ് സംവിധാനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഏഴാം തീയതി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പരിശീലനം നൽകും. ഇതേ തുടർന്ന് വിവിപാറ്റ് അടക്കം ഇലക്ഷൻ സംവിധാനങ്ങളെക്കുറിച്ച് വിപുലമായ ബോധവത്കരണ പരിപാടികൾ ആരംഭിക്കും.

അവലോകന യോഗത്തിൽ മൂന്ന് ജില്ലകളുടെ ചുമതലയുള്ള ഇലക്ഷൻ കമ്മീഷൻ നിരീക്ഷക സുമന എൻ. മേനോൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ദിനേഷ് കുമാർ, വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ജോൺ ഫെർണാണ്ടസ് എം.എൽ.എ, ടി. ബാലചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.