ആലപ്പുഴ: ലോകചരിത്രത്തിൽ അപൂർവ്വത സൃഷ്ടിച്ചുകൊണ്ടാണ് കേരളത്തിൽ വനിതാമതിൽ യാഥാർഥ്യമായതെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വനിതാമതിലിൽ പങ്കെടുക്കുന്നതിന് എത്തിയ ഭാര്യ പ്രീതി നടേശനോടൊപ്പം ഇ.എം.എസ്.സ്റ്റേഡിയത്തിലെത്തിയതായിരുന്നു വെള്ളാപ്പള്ളി. നന്മ പറയുകയും ചിന്തിക്കുകയും ചെയ്യുന്നവർ വനിതാ മതിലിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. അനാചാരങ്ങൾ ഉപേക്ഷിക്കപ്പെടേണ്ടതാണ്. വിശ്വാസവും ആചാരവും കയ്യിലിരിക്കുന്നത് ചോർന്നുപോകാതിരിക്കാനുള്ള സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാകരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആചാരസംരക്ഷണം അധികാര സംരക്ഷണത്തിന് വേണ്ടിയാകുന്നത് കാണുന്നു. അധികാര സംരക്ഷണമാണ് അയ്യപ്പ ജ്യോതിക്ക് പിന്നിൽ കണ്ടത്. ഇത് അംഗീകരിക്കില്ല. ആചാരവും നവോത്ഥാനവും തമ്മിൽ വലിയ ബന്ധമുണ്ട്. ഡോ.പൽപ്പുവിന് സ്വന്തം ജാതിയുടെ പേരിൽ ഇവിടെ ജോലി നിക്ഷേധിച്ചു. ഇപ്പോഴും ആ മനോഭാവം നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കണ്ട, പകരം ചെത്താൻ പോയാൽ മതി എന്നുവരെ ആക്ഷേപമുണ്ടായത്. മതിലിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ പ്രീതി നടേശൻ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.