ആലപ്പുഴ : നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്നലെ നടന്ന വനിതാ മതിലിൽ അണികൾക്കൊപ്പം അവരിലൊരാളായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ചൊവ്വാഴ്ച മൂന്ന് മണിക്ക് ശവക്കോട്ട പാലത്തിലെത്തി. മതിലിന് അണിനിരന്ന സ്ത്രീകളോട് കുശലമന്വേഷിച്ചും സുരക്ഷഉദ്യോഗസ്ഥർക്ക് ഒപ്പം ഗതാഗത നിയന്ത്രണത്തിലും അദ്ദേഹം പങ്കുചേർന്നു. കേരളത്തിൽ സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ മറ്റൊരു നാഴികക്കല്ലായി മാറിയേക്കാവുന്ന വനിതാ മതിൽ അടിച്ചമർത്തപ്പെട്ട സ്ത്രീസമൂഹത്തിന് ഉയർത്തെഴുനേൽക്കാനുള്ള അവസരമാണെന്ന് മന്ത്രി പറഞ്ഞു.
സി. പി. ഐ. ജില്ലാ മെമ്പറും എ. ഐ. ടി. യൂ. സി. മഹിളാ വിഭാഗം കൗൺസിലറുമായ അഡ്വ : പി. പി. ഗീത വനിതകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മതിലിൽ അണിനിരന്ന ആയിരങ്ങൾ പ്രതിജ്ഞ ഏറ്റുചൊല്ലി. മുൻ നിശ്ചയിച്ച പ്രകാരം കെ.ആർ ഗൗരിയമ്മയും എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ശാരീരിക അസ്വസ്ഥതകാരണം എത്താനായില്ല.