സി.എസ് സുജാത (മുൻ എം.പി): നവോത്ഥാനമൂല്യങ്ങൾ സ്ത്രീകൾ തിരിച്ചറിഞ്ഞതിനാലാണ് ഇത്രയധികം സ്ത്രീകൾ വനിതാ മതിലിൽ പങ്കെടുത്തതെന്ന് മുൻ എം.പി സി.എസ് സുജാത. അഞ്ചുലക്ഷം പേരാണ് ജില്ലയിൽ നിന്നും വനിതാ മതിലിൽ പങ്കെടുത്തത്. കേരളത്തെ ഭ്രാന്താലയമാക്കരുതെന്ന വനിതകളുടെ സന്ദേശമാണിത്.
എസ്. ശാരദക്കുട്ടി ( എഴുത്തുകാരി): പെണ്ണുകേറാമലകൾ കീഴടക്കുന്നതിനുമുന്നോടിയായാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് ഇതുവഴി സാധ്യമായിരിക്കുന്നത്. നമുക്ക് കീഴ്‌പ്പെടുത്താൻ ഇനിയും ആണധികാരത്തിന്റെ മലകളുണ്ട്. പ്രളയം വന്നിട്ടും മനുഷ്യന്റെ മനസിൽ ബാക്കിയായ മാലിന്യങ്ങൾ തുടച്ചുനീക്കാൻ വനിതാമതിലിനായി .
രാമചന്ദ്രൻ മുല്ലശ്ശേരി(സാംബവമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി):എവിടെയാണോ സ്ത്രീകൾ പൂജിക്കപ്പെടുന്നത്, അവിടെയാണ് ദൈവത്തിന്റെ സാനിധ്യമുണ്ടാകുകയെന്നാണ് വിശ്വാസം. കേരളത്തിൽ സ്ത്രീകളെ ആക്രമിക്കുന്ന പ്രവണതയാണ് കൂടിവരുന്നത്.അതിനെതിരെയാണ് വനിതാ മതിൽ.
പി.കെ സജീവ് (മലയര മഹാസഭ, ജനറൽ സെക്രട്ടറി):മനുസ്മൃതിയിലേക്ക് മടങ്ങാനാവശ്യപ്പെട്ടവർക്കെതിരെയാണ് വനിതാ മതിൽ.അവർ തന്നെയാണ് ഒരു സ്ത്രീയും സ്വാതന്ത്ര്യമർഹിക്കുന്നില്ലെന്ന് പറഞ്ഞത്. കേരളത്തിലെ സ്ത്രീജനങ്ങളെ പഴയ അവസ്ഥയിലേക്ക് തള്ളിവിടാനാകില്ല. നവോത്ഥാനത്തിന്റെ തുടർച്ചയാണ് വനിതാ മതിൽ
പി.കെ മേദിനിയമ്മ ( ഗായിക) : പുന്നപ്ര വയലാർ സമരങ്ങളുടെ പാരമ്പര്യമുള്ള മണ്ണാണിത്. ഇവിടെ സ്ത്രീ പുരുഷ സമത്വമാണ് വേണ്ടത്. പ്രായത്തെ വകവയ്ക്കാതെ അനേകം അമ്മമാർ വനിതാ മതിലിൽ പങ്കാളികളായതും അതിനാലാണ്.
ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിന് പരിസരത്ത് നടന്ന വനിതാ മതിലിൽ പ്രമുഖ വ്യക്തികളടക്കം നിരവധി പേർ പങ്കെടുത്തു. വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ , മകൾ വന്ദന, ബന്ധു ഗീത,കൊച്ചുമക്കൾ തുടങ്ങിയവരും മതിലിൽ പങ്കാളികളായി. പ്രീതി നടേശൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.എസ്.സുജാത,പി.കെ മേദിനിയമ്മ, പ്രൊഫ.ഡോ ലളിതാംബിക, പ്രൊഫ. കെ.സുജാത, കോട്ടയം ജില്ലാ സെക്രട്ടറി വാസവൻ, കെ.സി ജോസഫ്, ജോസഫ് കെ.നെല്ലുവേലി, ആർ നാസർ, പി.പി ചിത്തരഞ്ജൻ, ടി.ജെ ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുത്തു.