രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (ഡിസംബര്‍ 9) നിശാഗന്ധിയുള്‍പ്പെടെ 14 തിയേറ്ററുകളിലായി 68 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര മത്സര വിഭാഗത്തില്‍ ഏണെസ്റ്റോ അര്‍ഡിറ്റോ, വിര്‍ന മൊളിന എന്നിവര്‍ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രം സിംഫണി ഫോര്‍ അന, സെമിഹ് കപ്ലനോഗ്ലുവിന്റെ ടര്‍ക്കിഷ് ചിത്രം ഗ്രെയ്ന്‍ എന്നിവ ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. അങ്കമാലി ഡയറീസ്, കറുത്ത ജൂതന്‍ എന്നിവയാണ് മേളയില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മലയാള ചിത്രങ്ങള്‍.
കണ്‍ട്രി ഫോക്കസില്‍ അഡിര്‍ലെ ക്വയ്‌റോഡിന്റെ വൈറ്റ് ഔട്ട്, ബ്ലാക്ക് ഇന്‍, എഡ്വേര്‍ഡോ ന്യൂണ്‍സിന്റെ സൗത്ത് വെസ്റ്റ്, തിയാഗോ ബി. മെന്‍ഡോന്‍കയുടെ യങ് ആന്റ് മിസറബിള്‍, അനിറ്റ റോച്ച ഡാ സില്‍വെയ്‌റുടെ കില്‍ മീ പ്ലീസ് എന്നീ ബ്രസീലിയന്‍ ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുക.
എഡ്മണ്ട് യോ യുടെ മലേഷ്യന്‍ ചിത്രം അക്വറാറ്റ്, അല എഡ്ഡിന്‍ സ്ലിമ്മിന്റെ ടുണീഷ്യന്‍ ചിത്രം ദ് ലാസ്റ്റ് ഓഫ് അസ് എന്നിവയാണ് വിഭാഗത്തില്‍ ഇടവും സ്വത്വവും നഷ്ടപെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന അപ്‌റൂട്ടഡ് ഐഡന്റിറ്റി ആന്റ് സ്‌പേസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
അലക്‌സാണ്ടര്‍ സുക്കറോവിന്റെ റഷ്യന്‍ ആര്‍ക്ക് ആണ് ഇന്ന് റെട്രോസ്‌പെക്ടീവ് വിഭാഗത്തിലുള്ളത്. കണ്ടംപററി വിഭാഗത്തില്‍ മഹമത് സലേ ഹറൗണിന്റെ ഫ്രഞ്ച് ചിത്രങ്ങളായ ഔര്‍ ഫാദര്‍, എ സീസണ്‍ ഇന്‍ ഫ്രാന്‍സ്, മിഷേല്‍ ഫ്രാങ്കോയുടെ മെക്‌സിക്കന്‍ ചിത്രം ഏപ്രില്‍സ് ഡോട്ടര്‍ എന്നിവ ഇന്ന് പ്രദര്‍ശിപ്പിക്കും.
ഹൊമേജ് വിഭാഗത്തില്‍ ഐ.വി ശശി സംവിധാനം ചെയ്ത ആരൂഢം, റോബര്‍ട്ട് ബ്രസ്റ്റണിന്റെ ഫ്രഞ്ച് ചിത്രം ഔ ഹസാര്‍ഡ് ബര്‍ത്തസാര്‍, കുന്ദന്‍ ഷായുടെ ഇന്ത്യന്‍ ചിത്രം ജാനേ ബി ദോയാരോ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ബഹ്‌റാം ബെയ്‌സായുടെ ഇറാനിയന്‍ ചിത്രം ഡൗണ്‍പൗര്‍ ആണ് റീസ്റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തിലെ ഇന്നത്തെ ചിത്രം. അവള്‍ക്കൊപ്പം എന്ന വിഭാഗത്തില്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത മലയാള ചിത്രം കള്ളിച്ചെല്ലമ്മയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ദാര്‍ ഗായുടെ ത്രീ ആന്റ് എ ഹാഫ്, എ ദിംപഷ് ജെയിന്റ് ഇന്‍ ദ് ഷാഡോസ്, റിമ ദാസിന്റെ വില്ലേജ് റോക്ക്‌സ്റ്റാര്‍സ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.