ജാതി സമ്പ്രദായത്തിലും അനാചാരങ്ങളിലും വലഞ്ഞ ജനങ്ങളെ രാജ്യത്തെ നവോത്ഥാന പ്രസ്ഥാനങ്ങളാണ് രക്ഷിച്ചതെന്നും ആ മൂല്യങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കുളപ്പുള്ളിയില്‍ വനിതാ മതില്‍ രൂപീകരണത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവോത്ഥാന നായകരുടെ പാദസ്പര്‍ശമേറ്റ കേരളത്തെ പിറകോട്ട് നയിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ല. നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത നിരവധി സംഘടനകള്‍ ചേര്‍ന്ന് രൂപംകൊടുത്ത ആശയത്തിന്റെ സാക്ഷാല്‍ക്കാരമാണ് വനിതാ മതില്‍.

30 ലക്ഷം ആളുകളെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 50 ലക്ഷത്തില്‍ പരം വനിതകളെ പങ്കെടുപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണത്തിന് പ്രതീകമായി മതില്‍ മാറിയെന്നു മന്ത്രി പറഞ്ഞു. സ്ത്രീപുരുഷ തുല്യത ഉറപ്പുവരുത്തുന്ന സുപ്രീംകോടതി വിധിയാണ് വനിതാമതിലെന്ന ആശയത്തിന് രൂപം നല്‍കിയത്. രാജ്യത്തെ ഭരണഘടനയുടെ മൗലിക കാഴ്ചപ്പാട് സംരക്ഷിക്കാനുള്ള ബാധ്യതയുള്ളതിനാല്‍ കോടതിവിധികള്‍ നടപ്പാക്കാനുള്ള ബാധ്യത ഉത്തരവാദിത്വമുള്ള സര്‍ക്കാരിനുണ്ട്. ഇതിന്റെ ഭാഗമായാണ് വിവിധ നവോഥാന പരിപാടികള്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ നടത്തുന്നത്. അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടാതെ സമൂഹം മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു. പി ഉണ്ണി എം.എല്‍.എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ്, നവോത്ഥാന സംരക്ഷണ സമിതി സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ സുമലത മോഹന്‍ദാസ്, കണ്‍വീനര്‍ വിജയലക്ഷ്മി, ജനതാദള്‍ സംസ്ഥാന സെക്രട്ടറി വി. മുരുകദാസ്, മുന്‍ എം.എല്‍.എ. കെ.എസ്. സലീഖ, എം. എം സജീവന്‍ പാറക്കല്‍, പ്രസീത അഴീക്കോട്, കെ.വി രാമകൃഷ്ണന്‍, ആര്‍. അഭിലാഷ് സംസാരിച്ചു.