കേരളത്തിന്റെ ഒത്തൊരുമ ലോകത്തിന് മുന്നില്‍ ബോധ്യപ്പെടുത്തിയ സംഭവമാണ് വനിതാ മതിലെന്നും ഇത് മികച്ച മാതൃകയാണെന്നും ജലവിഭവ വകുപ്പുമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വനിതാ മതില്‍ രൂപീകരണത്തിനു ശേഷം പട്ടാമ്പിയില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സുപ്രീംകോടതിവിധി നടപ്പാക്കേണ്ടെന്നു പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ചിലരുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി മുന്നോട്ടുവന്ന സ്ത്രീജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കഴിഞ്ഞദിവസം അന്തരിച്ച നേതാവ് സൈമണ്‍ ബ്രിട്ടോയെ അനുസ്മരിച്ചാണ് യോഗം ആരംഭിച്ചത്. കേരളം പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കേരളചരിത്രത്തെ നിര്‍ണയിക്കുന്നത് സ്ത്രീ ശക്തിയാണെന്നും എം. ബി രാജേഷ് എം.പി പറഞ്ഞു. വനിതാ മതിലിന്റെ അനുരണനങ്ങള്‍ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തികഴിഞ്ഞു. ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികളുടെ നേതൃത്വമാണ് നവോത്ഥാന ആശയങ്ങള്‍ ചെറുക്കുന്നത്. അതേസമയം, നവോത്ഥാനത്തെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയിരിക്കുന്നു. നവോത്ഥാന മുന്നേറ്റത്തെ പിന്നോട്ടുവലിക്കുന്ന ശക്തികളോടുള്ള സമരപ്രഖ്യാപനമാണ് വനിതാ മതിലെന്നും എം. ബി രാജേഷ് എം.പി പറഞ്ഞു.
പ്രൊഫ.സി.പി ചിത്രഭാനു പരിപാടിയില്‍ അധ്യക്ഷനായി. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ, സി. പി. എം സംസ്ഥാന കമ്മിറ്റിയംഗം വിജയന്‍ കുനിശ്ശേരി, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ടി. കെ നാരായണദാസ്, എസ്.എന്‍.ഡി.പി പ്രതിനിധി അനില്‍രാജ്, കെ. ആര്‍ ഗോപിനാഥ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് പി.എം ഉഷ, മഹിളാ സംഘം ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാവതി, ദുര്‍ഗ മാലതി, പി. മുരളി ടീച്ചര്‍, ഐ എന്‍ ശാന്ത, സരോജിനി സംസാരിച്ചു.