പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കാൻ ഓർഡിനൻസ്

കേരളാ പ്രവാസി കേരളീയ ക്ഷേമബോർഡ് ആവിഷ്‌കരിച്ച ‘പ്രവാസി ഡിവിഡന്റ് പദ്ധതി 2018’ നടപ്പാക്കുന്നതിന് പ്രവാസി കേരള ക്ഷേമ ആക്ടിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. പ്രവാസി കേരളീയരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സർക്കാർ വിഹിതവും ചേർത്ത് നിക്ഷേപകർക്ക് പ്രതിമാസം ഡിവിഡന്റ് നൽകുന്ന പദ്ധതി നടപ്പാക്കാനും ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്.

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന കേരളീയർക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡന്റ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റ് സ്ഥാപനങ്ങൾക്കും വികസന പദ്ധതികൾ നടപ്പാക്കുന്നതിന് കൈമാറുന്നതാണ്.

ഡോ.ജെ. പ്രഭാഷ് ഓപ്പൺ യൂണിവേഴ്‌സിറ്റി സ്‌പെഷ്യൽ ഓഫീസർ

ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പുതുതായി ആരംഭിക്കുന്ന ഓപ്പൺ സർവകലാശാലയുടെ സ്‌പെഷ്യൽ ഓഫീസറായി കേരള സർവ്വകലാശാലാ മുൻ പ്രോ വൈസ് ചാൻസലർ ഡോ.ജെ. പ്രഭാഷിനെ നിയമിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം ജില്ലയിലെ ഉള്ളൂർ മുതൽ കുഴിവിള വരെയുളള റോഡിന് ‘സതേൺ എയർ കമാന്റ് റോഡ്’ എന്നും പുലയനാർകോട്ട മുതൽ ശ്രീകാര്യം വരെയുളള റോഡിന് ‘വ്യോമസേന റോഡ്’ എന്നും പേരിടുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളികൾ സ്വകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ധനകാര്യ ഏജൻസികളിൽ നിന്ന് 2008 ഡിസംബർ 31 വരെ എടുത്ത വായ്പകൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി 2019 ഡിസംബർ 31 വരെ നീട്ടാൻ തീരുമാനിച്ചു.

ആലപ്പുഴ ജില്ലയിലെ ആല, പുളിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി എന്നീ പഞ്ചായത്തുകൾക്കും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിക്കും വേണ്ടിയുളള സമഗ്രകുടിവെള്ള പദ്ധതി കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കി നടപ്പാക്കാൻ കേരള വാട്ടർ അതോറിറ്റിക്ക് തത്വത്തിൽ അംഗീകാരം നൽകി. 200 കോടി രൂപയാണ് പദ്ധതി ചെലവ്.

കോട്ടയം ഗവൺമെന്റ് കോളേജിലെ കാർഡിയോ വാസ്‌കുലർ തൊറാസിക് സർജറി വകുപ്പിൽ പീഡിയാട്രിക് കാർഡിയോളജി, പീഡിയാട്രിക് കാർഡിയാക് സർജറി, കാർഡിയാക് അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഓരോ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

വിയ്യൂർ, കണ്ണൂർ, ചീമേനി ജയിൽ വളപ്പുകളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിന് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി നിബന്ധനകൾക്ക് വിധേയമായാണ് ഭൂമി കൈമാറുക.

ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ മാസ വേതനം 1,20,000 രൂപയായും സീനിയർ ഗവൺമെന്റ് പ്ലീഡർമാരുടെ വേതനം 1,10,000 രൂപയായും ഗവൺമെന്റ് പ്ലീഡർമാരുടെ വേതനം 1,00,000 രൂപയായും വർധിപ്പിക്കാൻ തീരുമാനിച്ചു.

പുതുതായി ആരംഭിക്കുന്ന കുന്നമംഗലം സബ് ട്രഷറിയിൽ സബ് ട്രഷറി ഓഫീസറുടെയും ജൂനിയർ സൂപ്രണ്ടിന്റെയും സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റിന്റെയും ഓഫീസ് അറ്റൻഡന്റിന്റെയും ഓരോ തസ്തികയും അക്കൗണ്ടന്റിന്റെ രണ്ടു തസ്തികയും സൃഷ്ടിക്കാൻ തീരുമാനിച്ചു.

നെയ്യാറ്റിൻകര വില്ലേജിലെ ചേങ്കോട്ടുകോണം വീട്ടിൽ മരണപ്പെട്ട സനലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു. സനലിന് ഭാര്യ വിജിയും രണ്ടുമക്കളുമാണുളളത്.

ഹരിയാനയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ജവാൻ (3 എഞ്ചിനിയേഴ്‌സ് റെജിമെന്റ്) പി.കെ. പ്രദീപിന്റെ ഭാര്യ സി. സുജിതയ്ക്ക് പ്രത്യേക കേസായി പരിഗണിച്ച് മലപ്പുറം ജില്ലയിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ നിയമനം നൽകാൻ തീരുമാനിച്ചു.