ബംഗാളി സിനിമയിലെ ഇതിഹാസനായിക മാധബി മുഖര്‍ജി ചലച്ചിത്രമേളയുടെ അതിഥിയായി തിരുവനന്തപുരത്തെത്തി.  സത്യജിത്ത് റേ, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ എന്നിവരുടെ ആദ്യകാലനായികമാരില്‍ ഒരാളായിരുന്നു മാധബി. രാജ്യാന്തരമേളയുടെ ഉദ്ഘാടനചിത്രത്തിന്റെ പ്രദര്‍ശനവേദിയിലെ മുഖ്യാതിഥിയായിരന്നു അവര്‍. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ അവസാനിപ്പിച്ച് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മാധബി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ക്യാമറക്ക് മുന്നില്‍ ഒരിക്കലും ക്ഷീണിതയാവുകയില്ല എന്ന മുഖവുരയോടെ, രാജ്യാന്തരചലച്ചിത്രമേളയുടെ മീഡിയ സെല്ലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മാധബി മനസ്സ് തുറന്നു.
ബംഗാളി സിനിമയില്‍ അക്കാലത്ത്  സ്ത്രീയെന്ന നിലയില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍ മുതല്‍, ഇന്നത്തെ ബംഗാളി സിനിമയും പദ്മാവതിയും കേരളവും ഒക്കെ ആ സംഭാഷണത്തില്‍ നിറഞ്ഞു നിന്നു.
ബംഗാളി സിനിമയുമായി  താരതമ്യം ചെയ്യുമ്പോള്‍ മലയാളസിനിമ  വിശാലവും സ്വാതന്ത്രവുമാണെന്ന് മാധബി മുഖര്‍ജി പറഞ്ഞു. ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തും സാധ്യമാണ് എന്ന് തെളിയിച്ച സിനിമാമേഖലയാണ് മലയാളത്തിലേത്. ഈ രാജ്യാന്തര ചലച്ചിത്രമേള അതിനു തെളിവാണ്. അതേസമയം ബംഗാളിലെ സിനിമാ മേഖല ഇപ്പോഴും പല തടസ്സങ്ങളും നേരിടുന്നുണ്ട്. ബംഗാളില്‍ ഇപ്പോള്‍ നാടകങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. സിനിമയാകട്ടെ, പണ്ടത്തേതു പോലെ സമകാലികസമൂഹികാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നുമില്ല. ഇന്നത്തെ തലമുറയുടെ സിനിമകള്‍ ഏത് കാലത്തെയാണ് അടയാളപ്പെടുത്തുന്നതെന്നോ ഏത് സമൂഹത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നോ തനിക്ക് മനസ്സിലാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
 റേയുടെ സിനിമകളില്‍ ഹോളിവുഡിന്റെ  ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. ബംഗാളി സിനിമക്ക് അതിന്റേതായ വ്യക്തിത്വം ഉണ്ടാക്കിക്കൊടുത്തത് ഋത്വിക് ഘട്ടക് ആണ്. റേയും മൃണാള്‍ സെന്നും ഒക്കെ അതിനുവേണ്ട പശ്ചാത്തലം ഒരുക്കുകയാണ് ചെയ്തത്. വികലമായ റൊമാന്റിക് കഥകളാണ് ഇപ്പോഴത്തെ ബംഗാളി സിനിമകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
യാഥാസ്ഥിതിക ചിന്തകള്‍ വെച്ചുപുലര്‍ത്തിയിരുന്ന കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീയെന്ന നിലയില്‍ നാടകങ്ങളിലും സിനിമകളിലും അഭിനയിക്കാന്‍ ആദ്യകാലങ്ങളില്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. സമൂഹം ഒറ്റപ്പെടുത്തിയിട്ടുണ്ട്. അന്ന് അമ്മ നല്‍കിയ പിന്തുണകൊണ്ടു മാത്രമാണ് ഈ നിലയില്‍ എത്താന്‍ തനിക്ക് കഴിഞ്ഞതെന്നും മാധബി പറഞ്ഞു. മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ ബംഗാള്‍ സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യവും സംഭാവനകളും വര്‍ധിച്ചിട്ടുണ്ട്. കുറവെങ്കിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ സിനിമകളില്‍ ഉണ്ടാവുന്നുണ്ട്. അപര്‍ണ സെന്നിന്റെ ചിത്രങ്ങള്‍ സമൂഹത്തെ തൊട്ടറിയുന്നവയാണ്. അവരുടെ സിനിമകളിലെ കഥയും കഥാപാത്രങ്ങളും താന്‍ ജീവിച്ച് വളര്‍ന്ന ബംഗാളിലെ സാമൂഹിക സാഹചര്യങ്ങളുമായി അടുത്ത് നില്‍ക്കുന്നവയാണ്. അതുകൊണ്ട് തന്നെ അവരുടെ സിനിമകളെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു.
ആശയാവിഷ്‌കാരത്തിനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടാവണം. അതിനു തടസം നില്‍ക്കുന്നത് എന്താണെങ്കിലും അതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവണം. സെന്‍സര്‍ ബോര്‍ഡ് ഇപ്പോഴും ബ്രിട്ടീഷ് ഭരണകാലത്തെ രീതിയാണ് തുടര്‍ന്നുവരുന്നത്. ഈ അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും പദ്മാവതി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോടുള്ള പ്രതികരണമായി മാധബി മുഖര്‍ജി പറഞ്ഞു.