ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ എല്ലാ വർഷവും നടത്തുന്ന നീർപക്ഷി കണക്കെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ അപ്പർ കുട്ടനാട് മേഖലയിലെ കണക്കെടുപ്പ് പൂർത്തിയായി. വലിയ രാജഹംസം , ചാരത്തലയൻ തിത്തിരി,നീലക്കവിളൻ വേലിത്തത്ത, എന്നീ ഇനങ്ങളെ പുതിയതായി കണ്ടെത്തി. അഫ്ഗാനിസ്ഥാൻ മുതൽ ഓസ്ട്രേലിയ വരെ 27 രാജ്യങ്ങളിലെ 6100 സ്ഥലങ്ങളിലാണ് നീർപക്ഷികണക്കെടുപ്പ് നടക്കുന്നത്. ഇന്ത്യയിൽ 1987 മുതൽ ആരംഭിച്ച കണക്കെടുപ്പ് ആലപ്പുഴ ജില്ലയിൽ ആരംഭിച്ചത് 2013ലാണ്.
ഈ വർഷം അപ്പർകുട്ടനാട്ടിൽ നടന്ന കണക്കെടുപ്പിന് 35 കേന്ദ്രങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 72 വിദഗ്ദ്ധർ നേതൃത്വം നൽകി. നീർത്തട ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, കാലാവസ്ഥ വ്യതിയാനം, നീർപ്പക്ഷികളുടെ എണ്ണം, ദേശാടനപക്ഷികളുടെ എണ്ണം, വൈവിധ്യം തുടങ്ങിവ പഠനവിധേയമാക്കി. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം നേച്ചർ സൊസൈറ്റി, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ കണക്കെടുപ്പിൽ 47 ഇനങ്ങളിലായി 16767 നീർപക്ഷികളെ കണ്ടെത്തി. പ്രളയാനന്തരം അപ്പർകുട്ടനാട് മേഖലയിൽ കാർഷിക വിളവിറക്കലിൽ വന്ന സമയമാറ്റമാകാം പക്ഷികളുടെ എണ്ണത്തിൽ കുറവുണ്ടായതിന് കാരണമായതെന്ന് കണക്കെടുപ്പിന് നേതൃത്വം നൽകിയ ഡോ. ബി. ശ്രീകുമാർ, ഹരികുമാർ മാന്നാർ എന്നിവർ അറിയിച്ചു.