ശബരിമല: ഇത്തവണയും കാണിവിഭാഗക്കാര്‍ പതിവ് തെറ്റിച്ചില്ല. തേനും കദളിപ്പഴവും ചൂരല്‍ പൂക്കൂടയും കാനന വിഭവങ്ങളും അയ്യന് കാണിക്ക നല്‍കാന്‍ അവരെത്തി. സന്നിധാനത്ത് സര്‍വ സൗകര്യങ്ങളുമൊരുക്കി പൊലീസും കാത്തു നിന്നു. ദേവസ്വം ബോര്‍ഡ് ആകട്ടെ ഇവര്‍ക്ക് സൗജന്യ താമസവും ഭക്ഷണവും നല്‍കി. അഗസ്ത്യാര്‍കൂടത്തിന്റെ ഉള്‍വനങ്ങളിലെ 19 ആദിവാസി ഊരുകളില്‍ നിന്നും കുട്ടികളും മാളികപ്പുറങ്ങളുമടക്കം 97 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തിയത്. 22 കുട്ടികളും ഏഴ് മാളികപ്പുറങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ 11 പേര്‍ കന്നി അയ്യപ്പന്‍മാരായിരുന്നു.
വ്രതാനുഷ്ഠാനങ്ങളോടെ കാട്ടില്‍ നിന്ന് പ്രത്യേകമായി ശേഖരിക്കുന്ന മുളം തണ്ടില്‍ തേന്‍നിറച്ച് അത് കാട്ടുവള്ളിയില്‍ കെട്ടും. ചൂരലില്‍ നെയ്തെടുക്കുന്ന പൂക്കൂടയില്‍ കദളിക്കുലയും മറ്റ് വനവിഭവങ്ങളും ശേഖരിക്കും. പിന്നീട് ഓരോ ഊരുകളില്‍ നിന്നും അവര്‍ സന്നിധാനം ലക്ഷ്യമാക്കി നടക്കും. എല്ലാ ഊരുകളും ആദ്യം സംഗമിക്കുക കോട്ടൂര്‍ മുണ്ടണി മാടന്‍ ക്ഷേത്രത്തിലാണ്. അഗസ്ത്യ മുനിയെ ഗുരുസ്വാമിയായി കണക്കാക്കി അവിടെ നിന്ന് കെട്ട് നിറച്ച് അയ്യപ്പ സ്തുതികളുമായി സന്നിധാനത്തേക്ക്. ശബരിമല ശാസ്താവിനെ കുലദൈവമായ് തന്നെയാണ് ഇവര്‍ കണക്കാക്കുന്നത്.