ശബരിമല: കഴിഞ്ഞ രണ്ടുദിവസങ്ങളായി അപ്പം, അരവണ വില്‍പ്പനയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എട്ടാംതീയ്യതി മാത്രം മൂന്ന് ലക്ഷത്തി മുപ്പതിനായിരം അരവണ കണ്ടയ്നറുകള്‍ വിറ്റുപോയി. ശരാശരി രണ്ടരലക്ഷം കണ്ടയ്നറുകളാണ് പ്രതിദിനം ശബരിമലയില്‍ വിറ്റുപോവുക. 20 എണ്ണം അടങ്ങുന്ന കാര്‍ട്ടണ്‍ അവതരിപ്പിച്ചതും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായി. മണ്ഡലകാലത്ത് ഇതുവരെ 42 കോടി 44 ലക്ഷം രൂപയുടെ അരവണ വിറ്റഴിച്ചു. അപ്പം ഏഴുകോടി 49 ലക്ഷം രൂപയ്ക്കും വില്‍പ്പന നടത്തി. മകരവിളക്കിനോട് അനുബന്ധിച്ച് കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്നതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. എല്ലാ ദിവസവൂം കുറഞ്ഞത് 20 ലക്ഷം കണ്ടയ്നറുകള്‍ സ്റ്റോക്ക് ഉണ്ടാകത്തവിധമാണ് അരവണ നിര്‍മ്മാണം ക്രമീകരിച്ചിട്ടുള്ളത്. മകരവിളക്കിന് മുന്‍പ് 30 ലക്ഷം സ്റ്റോക്ക് ചെയ്യും. സന്നിധാനത്ത് തിരക്ക് കൂടുന്ന സമയത്ത് പമ്പയില്‍നിന്ന് ട്രാക്ടറുകളില്‍ ശര്‍ക്കര കൊണ്ടുവരുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അരവണ നിര്‍മാണത്തെ ഇത് ബാധിച്ചിട്ടില്ല. ആവശ്യത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ബോര്‍ഡ് ശേഖരിച്ച് കഴിഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു.