കൊച്ചി: പറവൂർ ബ്ലോക്ക് തലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ വടക്കേക്കര പഞ്ചായത്തിന്റെ ടീം വിജയികളായി. ക്രിയേറ്റീവ് ബാലസഭ 2019 പദ്ധതിക്ക് കീഴിൽ കുടുംബശ്രീയാണ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചത്. പറവൂർ ബ്ലോക്കിന് കീഴിലുള്ള കോട്ടുവള്ളി, വടക്കേക്കര, ഏഴിക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിൽ നിന്നും പറവൂർ നഗരസഭയിൽ നിന്നുമുള്ള അഞ്ച് ടീമുകളാണ് മത്സരത്തിന് എത്തിയത്. വിജയികളായ വടക്കേക്കര പഞ്ചായത്ത് ടീം ഇതോടെ ജില്ലാതലത്തിൽ നടക്കുന്ന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മത്സരങ്ങൾക്ക് കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വം നൽകും.

പറവൂർ നഗരസഭ അധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് സമ്മാനദാനം നിർവ്വഹിച്ചു. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജലജ രവീന്ദ്രൻ, ഡെന്നി തോമസ്, കോട്ടുവള്ളി, ചിറ്റാറ്റുകര, വടക്കേക്കര എന്നീ പഞ്ചായത്തുകളിലേയും പറവൂർ നഗരസഭയിലെയും സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ പങ്കെടുത്തു.