കാക്കനാട്: ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും കോളേജുകൾക്ക് മുന്നിലും സീബ്രാ ക്രോസിംഗ് സൗകര്യമൊരുക്കുന്നത് സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ഈ മാസം 28ന് ഉള്ളിൽ സമർപ്പിക്കണമെന്ന് റോഡ് സുരക്ഷ സംബന്ധിച്ച ആലോചനായോഗത്തിൽ ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി ജില്ലയിലെ എല്ലാ ഗവൺമെൻറ്/ എയ്ഡഡ്/ പ്രൈവറ്റ് സ്ഥാപനങ്ങളെയും കണക്കിലെടുത്താണ് പദ്ധതി തയ്യാറാക്കേണ്ടത്. കൂടാതെ സ്പീഡ് ലിമിറ്റ് ബോർഡ്, റോഡ് സിഗ്നൽ എന്നിവയും സുരക്ഷയുടെ ഭാഗമായി വിദ്യാലയ പരിസരത്ത് ഒരുക്കേണ്ടതുണ്ട്.
അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാന അപകട മേഖലകൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കണം ണം. നഗരത്തിലെ ലൈറ്റിംഗ് സംവിധാനത്തെക്കുറിച്ചും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. വിശദമായ എസ്റ്റിമേറ്റ് ഈ മാസം 28ന് ഉള്ളിൽ സമർപ്പിക്കണം.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മൂവാറ്റുപുഴ ആർടിഒ റെജി പി വർഗീസ്, എറണാകുളം ആർടിഒ ജോജി പി ജോസ്, കൊച്ചിൻ കോർപ്പറേഷൻ അസിസ്റ്റൻറ് എൻജിനീയർ ഓം പ്രകാശ്, ഡിവൈഎസ്പി റെജി എബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്തു.