കൊച്ചി : കൊച്ചി കോർപ്പറേഷൻ പരിധിയിലെ ശ്മശാനങ്ങളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കാൻ കണയന്നൂർ താലൂക്ക് വികസനസമിതി കോർപ്പറേഷന് നിർദ്ദേശം നൽകി. ശ്മശാനങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് പി.ടി തോമസ് എംഎൽഎയുടെയും , തഹസീൽദാൽ പി.ആർ രാധികയുടെയും നേതൃത്വത്തിലാണ് രവിപുരം, പുല്ലേപ്പടി, പച്ചാളം, ഇടപ്പള്ളി ശ്മശാനങ്ങൾ സന്ദർശിച്ചത് . പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ റീത്തുകൾ പരമാവധി ഒഴിവാക്കാനുള്ള ബോർഡ് ശ്മശാനങ്ങളിൽ സ്ഥാപിക്കാനും കോർപ്പറേഷന് നിർദ്ദേശം നൽകി. ശ്മശാനങ്ങളിൽ നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് പി.ടി. തോമസ് എം എൽ എ പറഞ്ഞു. പുല്ലേപ്പടി, ഇടപ്പള്ളി ശ്മശാനങ്ങൾ പ്രവർത്തനരഹിതമായതിനാൽ അധികമാളുകളും പച്ചാളം ശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. നാല് ശ്മശാനങ്ങളുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകി.

രവിപുരം ശ്മശാനത്തിൽ 18 ലക്ഷം രൂപയുടെ പുനർനിർമ്മാണ പ്രവർത്തനമാണ് നടക്കുന്നത്. ശ്മശാനത്തിന് സമീപത്തെ കെട്ടിടവും വിറകുപുരയും മൃതശരീരം വെക്കുന്ന സ്ഥലവും ബർണറും പുതുക്കിപ്പണിയും. പരിസരം പുല്ലു പിടുപ്പിച്ചു വൃത്തിയാക്കാനും നിർദ്ദേശം നൽകി.

പുല്ലേപ്പടി സംഗമോദ്യാനത്തിൽ പ്രവർത്തിക്കുന്ന ശ്മശാനത്തിൽ 98 ലക്ഷം രൂപയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ശ്മാശനത്തിന്റെ ചുറ്റുമതിൽ കെട്ടാനും നിർദ്ദേശം നൽകി. വൈദ്യുതിയും വെള്ളവും ലഭ്യമാക്കാൻ നിർദേശം നൽകി. പുതിയ ശ്മശാനത്തോട് ചേർന്ന് ടോയ്ലറ്റ് ബ്ലോക്കും പണി പൂർത്തീകരിക്കാത്ത ലൈബ്രറി കെട്ടിടത്തിന്റെ പണിയും പൂർത്തീകരിക്കും. കൂടാതെ കുട്ടികൾക്കുള്ള കളി സ്ഥലവും നവീകരിക്കും. നിലവിൽ പ്രവർത്തനരഹിതമാണ് പുല്ലേപ്പടി ശ്മശാനം.

പച്ചാളം ശ്മശാനത്തിന്റെ പരിപാലനത്തിനായി 5 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. ശ്മശാന വളപ്പിനുള്ളിൽ അനധികൃത സ്വകാര്യ വാഹന പാർക്കിങ്ങും മാലിന്യ വണ്ടി പാർക്കിങ്ങും തടയാനും, അനുശോചന യോഗം ചേരുന്നതിന് സൗകര്യം ഒരുക്കാനും ശ്മശാനത്തിനോട് ചേർന്ന് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മത്സ്യ- മാംസ കട മാറ്റാനും നിർദ്ദേശം നൽകി. സിസിടിവി ക്യാമറ പുനസ്ഥാപിക്കണമെന്നും പരിസരം വൃത്തിയാക്കാണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഇടപ്പള്ളി ശ്മശാനത്തിലെ ചിമ്മിനി പൊളിച്ചു പണിയണം. വൈദ്യുതിയും വെള്ളവും ലഭ്യമാക്കണം. രണ്ടു വർഷം മുൻപ് പണികഴിപ്പിച്ച പുതിയ ശ്മശാനം ഇതുവരെ പ്രവർത്തന യോഗ്യമായിട്ടില്ല. കുട്ടികളെ സംസ്കരിക്കുന്ന സ്ഥലം വൃത്തിയാക്കാനും ചെടികൾ മോടി കൂട്ടാനും കോർപ്പറേഷന് നിർദേശം നൽകി.

താലൂക്ക് വികസന സമിതി അംഗങ്ങളായ പി.ആർ ബിജു, മനോജ് പെരുമ്പിള്ളി, കൗൺസിലർമാരായ പി.ഡി മാർട്ടിൻ , ഡേവിഡ് പറമ്പിത്തറ, അൻസ ജെയിംസ്, ആൽബർട്ട് അമ്പലത്തിങ്കൽ, പി.ജി. രാധാകൃഷ്ണൻ, കോർപ്പറേഷൻ അസിസ്റ്റൻറ് എഞ്ചിനിയർമാരായ രാധികാ കൃഷ്ണൻ, പാർവ്വതി ഉണ്ണിത്താൻ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ രാധാകൃഷ്ണൻ
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.