കൊല്ലം: ജില്ലയുടെ ഗതാഗത വികസനത്തിന് പുതിയ മാനം പകർന്ന് കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പങ്കാളിത്തവും സഹകരണവും ചേരുന്ന പദ്ധതി വളരെ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ സന്തോഷം പങ്കിട്ടാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സന്ദർശനത്തിലൂടെ താൻ അനുഗ്രഹീതനായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരസാധ്യത വികസിപ്പിച്ച് നടപ്പിലാക്കുന്ന പിൽഗ്രിമേജ് ടൂറിസം പദ്ധതിയിൽ കേരളത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും അത്തരത്തിൽ ഒന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര മേഖലയ്ക്ക് പ്രാമുഖ്യം നൽകിയുള്ള പദ്ധതികളാണ് രാജ്യവ്യാപകമായി നടപ്പിലാക്കുന്നത്. ഇ-വിസ സൗകര്യവും സ്വദേശ് ദർശനും പ്രസാദ് പദ്ധതിയും വലിയ മാറ്റത്തിനിടയാക്കും. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിനോദസഞ്ചാര മേഖലയാണ് ഇവിടുത്തേത്. വിദേശസഞ്ചാരികളുടെ എണ്ണത്തിലെ വർധനയാണ് ഇതിന് തെളിവ്. ഈ നേട്ടത്തിന്റെ ഫലമായി വിദേശനാണ്യ വിനിമയത്തിൽ ഇരട്ടി വർധനയും ഉണ്ടായി.
യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശീയപാതകളുടെ നിലവാരം ഉയർത്തുകയാണ്. മുംബൈ-കന്യാകുമാരി ഇടനാഴി യാഥാർത്ഥ്യമാക്കും. ഭൗതികസാഹചര്യ വികസനം നടപ്പാക്കുക വഴി തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനുമായി. പദ്ധതികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ റോഡ് വികസനം ഉൾപ്പടെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ വലിയ കുതിപ്പാണ് സാധ്യമാക്കിയത് – പ്രധാനമന്ത്രി പറഞ്ഞു. ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ശിലാഫലകവും അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. ഗവർണർ ജസ്റ്റിസ് പി. സദാശിവം, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ. രാജു, എം.പി. മാരായ എൻ. കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, സുരേഷ്ഗോപി, വി. മുരളീധരൻ, എം. എൽ. എ മാരായ എം. മുകേഷ്, എൻ. വിജയൻപിള്ള, ഒ. രാജഗോപാൽ എന്നിവർ വേദി പങ്കിട്ടു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സ്വാഗത പ്രസംഗത്തിൽ പദ്ധതി വിശദീകരണവും നടത്തി.