കൊല്ലം: ഗതാഗതസൗകര്യ വികസനത്തിന് മുഖ്യപരിഗണന നൽകിയുള്ള വികസനപ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലം ബൈപാസ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാന സർക്കാർ ചുമതലയേറ്റ ഘട്ടത്തിൽ പ്രധാനമന്ത്രിയെ സന്ദർശിക്കവെ കേരളത്തിൽ ശരിയായ രീതിയിൽ വികസന പ്രവർത്തനം നടന്നു വരുന്നില്ലെന്ന അദ്ദേഹത്തിന്റെ വിമർശനത്തെ പൂർണമായും മാറ്റി മറിക്കാൻ കഴിഞ്ഞു. ഗതാഗത വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് മാറ്റമുണ്ടാക്കാനായത്.
റോഡ് വികസനത്തിന് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാതാ വികസനം മാത്രമല്ല തീരദേശ-മലയോര ഹൈവേകൾ കൂടി നിർമിക്കുകയാണ്. ഇതോടൊപ്പം കോവളം-ബേക്കൽ ജലപാതയും 2020ൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംസ്ഥാനം ഒരു ധനസ്രോതസായി രൂപീകരിച്ച കിഫ്ബിയിൽ നിന്നാണ് ഇതിനെല്ലാമുള്ള പണം കണ്ടെത്തുന്നത്.
വികസന പ്രവർത്തനങ്ങളിലെല്ലാം കേരളം ഒറ്റക്കെട്ടായിട്ടാണ് നിലകൊണ്ടത്. ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന് മുന്നിട്ടു നിന്ന ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.