കഞ്ഞിക്കുഴി : കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 2018 – 19 വാർഷിക പദ്ധതി പ്രകാരം കഞ്ഞിക്കുഴി ജനകീയ ഹരിത സമൃദ്ധി പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി 18 വാർഡുകളിലും പയർ, പാവൽ, വെണ്ട, പീച്ചിൽ, പടവലം എന്നീ തൈകളാണ് വിതരണം ചെയ്യുന്നത്. 25ലക്ഷം തൈകളാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 8600 കുടുംബങ്ങളിൽ കൃഷി ചെയ്യുന്നതിനായി ഒരുക്കുന്നത്. ഇതിലൂടെ കഞ്ഞിക്കുഴിയിൽ ഈ വരുന്ന നാലു മാസക്കാലത്തേക്കാവശ്യമുള്ള മുഴുവൻ പച്ചക്കറിയും ഉൽപ്പാദിപ്പിക്കാനാകും. അധികം വരുന്ന പച്ചക്കറി ദേശീയ പാതയിലെ കൃഷി വകുപ്പിന്റെ ഡിപ്പാർട്ടമെന്റ് സ്റ്റോറുകളിലും ഗ്രാമപഞ്ചായത്തിന്റെ പി.ഡി.എസ് സ്റ്റാളുകളിലുമായി വിൽക്കും. ഉടനടി വിൽക്കുവാൻ കഴിയാതെ വരുന്ന പച്ചക്കറികൾ സൂക്ഷിക്കുവാനായി ആധുനിക ഫ്രീസർ സംവിധാനവും ഗ്രാമപഞ്ചായത്തിൽ ഏർപ്പാടാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 18 വാർഡുകളിലും വിത്തുപാകൽ ഉദ്ഘാടനം നടന്നു. പതിനാലാം വാർഡിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു വിത്തുപാകിയതോടെ പദ്ധതിക്ക് തുടക്കമായി.