വൈദ്യുതി അപകടങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരുമാസത്തിനുള്ളിൽ തന്നെ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ. വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ചെയർമാനും കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കൺവീനറുമായി രൂപംകൊണ്ട ജില്ലാ വൈദ്യുത അപകട നിവാരണ സമിതിയുടെ ഈ വർഷത്തെ പ്രഥമയോഗത്തിലാണ് കളക്ടർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഭൂഗർഭ വൈദ്യുതി കേബിളുകൾ കടന്നുപോവുന്ന ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ അദ്ദേഹം നിർദേശം നൽകി. മുൻകാലങ്ങളേയും മറ്റു ജില്ലകളേയും താരതമ്യം ചെയ്യുമ്പോൾ ജില്ലയിൽ അപകടങ്ങൾ കുറവാണ്. 2014 ഒക്ടോബറിനു ശേഷം 57 വൈദ്യുത അപകടങ്ങൾ ജില്ലയിൽ സംഭവിച്ചു. ശ്രദ്ധക്കുറവും വൈദ്യുതി അപകടങ്ങളെക്കുറിച്ചുള്ള അജ്ഞതയും കാരണമാണ് മരണങ്ങൾ ഏറെയും സംഭവിച്ചത്. 18,51,553 രൂപ നഷ്ടപരിഹാരമായി നൽകി. അപകടങ്ങൾ കുറയ്ക്കുന്നതിനായി വൈദ്യുതി വകുപ്പ് ഇതിനകം തന്നെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെയും വിദ്യാർഥികളെയും സംഘടിപ്പിച്ച് ബോധവൽക്കരണ സെമിനാർ നടത്തി. സെക്ഷൻ ഓഫിസ് പരിധികളിൽ ബോധവൽക്കരണ ക്ലാസുകൾ, വിവിധ മൽസരങ്ങൾ, ബോധവൽക്കരണ ജാഥകൾ തുടങ്ങിയവയും സംഘടിപ്പിച്ചു. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.പി. ശ്യാം പ്രസാദ്, പി.ഡബ്ല്യു.ഡി, പൊലിസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* വൈദ്യുതി ലൈനുകൾക്കു സമീപം ലോഹ നിർമിത പൈപ്പ്, ഏണി തുടങ്ങിയവ ഉപയോഗിക്കരുത്
* വൈദ്യുതി വേലികൾക്ക് സിപിആർഐ അംഗീകാരമുള്ള ഫെൻസിങ് എനർജൈസറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വീട്ടിൽ നിന്നു വേലിയിലേക്ക് നേരിട്ട് വൈദ്യുതി നൽകുന്നത് കുറ്റകരമാണ്
* വൈദ്യുതി ലൈനുകൾക്കു താഴെ വാഹനങ്ങൾ നിർത്തി സാധനങ്ങൾ കയറ്റിറക്ക് നടത്തരുത്
* പൊട്ടിവീണ വൈദ്യുതി കമ്പിയിൽ സ്പർശിക്കരുത്. ഇക്കാര്യം ഉടൻ അധികൃതരെ അറിയിക്കണം. ലൈൻ ഓഫ് ചെയ്യുന്നതു വരെ മതിയായ കാവൽ ഉറപ്പാക്കുക
* തെങ്ങുകൾക്കും മറ്റും ഇരുമ്പ് കമ്പി ഉപയോഗിച്ച് താങ്ങ് നൽകുമ്പോൾ അവ പൊട്ടിവീണോ മറ്റ് വിധത്തിലോ വൈദ്യുതി ലൈനുമായി സമ്പർക്കം വരാതിരിക്കാൻ ശ്രദ്ധിക്കുക
* കേബിൾ ടിവിയുടെ കണക്ടർ ടിവിയുടെ പിന്നിൽ ഘടിപ്പിക്കുമ്പോൾ കണക്ടറിന്റെ ലോഹനിർമിതമായ ഭാഗങ്ങൾ സ്പർശിക്കാതിരിക്കുക
* വൈദ്യുതി ലൈനുകൾക്കു സമീപമുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുമായി സഹകരിക്കുക
*വൈദ്യുതി പോസ്റ്റുകളിലും സ്‌റ്റേ വയറുകളിലും കന്നുകാലികളെ കെട്ടരുത്
* ലൈനുകൾക്കു സമീപമോ അടിയിലോ കെട്ടിടം നിർമിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അനുവാദം വാങ്ങണം
* പൊതുയോഗങ്ങൾ, ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കമാനങ്ങൾ, കൊടിതോരണങ്ങൾ എന്നിവ വൈദ്യുതി പോസ്റ്റുകളിലും ട്രാൻസ്‌ഫോർമർ സ്ട്രക്ചറുകളിലും കെട്ടരുത്