പ്രളയത്തെ തുടർന്നുണ്ടായ കാർഷിക മേഖലയിലെ നഷ്ടം നികത്താൻ സമഗ്ര ഇടപെടലുകളുമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പ്. പ്രളയത്തിൽ കൃഷി നശിച്ച 13,802 കർഷകർക്ക് കൃഷിവകുപ്പിന്റെ വിഹിതമായ 15,41,32,000 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഒക്ടോബർ ആറുവരെ ലഭിച്ച അപേക്ഷകളിൽ 6,071 എണ്ണം തീർപ്പാക്കാൻ 10 കോടി രൂപ കൃഷി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും കൃഷിനാശത്തിന് 13,802 കർഷകർക്കായി 58.68 ലക്ഷം വിതരണം ചെയ്തു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്ക് 216 കർഷകർക്ക് 8.12 ലക്ഷം രൂപ വിതരണം ചെയ്തു. ഈയിനത്തിൽ തന്നെ 6.44 ലക്ഷം രൂപ 218 കർഷകർക്ക് നൽകാൻ നടപടികളായി. 16 പാടശേഖരങ്ങളിലെ പമ്പ്‌സെറ്റ് നന്നാക്കിയതിന് എസ്ബിഐയുടെ സഹായത്തോടെ 5.83 ലക്ഷം രൂപ വിതരണം ചെയ്തു. വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 505 കർഷകർക്ക് 272.88 ലക്ഷം രൂപ വിതരണം ചെയ്തു.
കാർഷിക യന്ത്രവൽക്കരണ പദ്ധതി, ദേശീയ ബയോഗ്യാസ് വികസന പദ്ധതി, നെൽകൃഷി വികസനം, കേരവികസന പദ്ധതികൾ, വിള പരിപാലനം, പച്ചക്കറി വികസനം തുടങ്ങി എല്ലാ മേഖലകളിലും കർഷകർക്ക് ഗുണകരമായ മുന്നേറ്റമുണ്ടായി. കഴിഞ്ഞ നവംബർ വരെ 11,452 കർഷകർക്ക് പെൻഷൻ തുകയായി 1806.318 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ദേശീയ ബയോഗ്യാസ് വികസന പദ്ധതി പ്രകാരം 2017-18 വർഷം ജില്ലയിൽ പൂർത്തിയാക്കിയ 47 പ്ലാന്റുകൾക്ക് സബ്‌സിഡിയായി ലഭിച്ച 5.58 ലക്ഷം രൂപയിൽ നിന്ന് 3.21 ലക്ഷം കർഷകർക്ക് നൽകി. 2018-19 വർഷം ജനറൽ വിഭാഗത്തിലെ ചെറുകിട നാമമാത്ര കർഷകർക്ക് 125 പ്ലാന്റുകൾ പണിയുന്നതിനും എസ്‌സി/എസ്ടി കർഷകർക്ക് 25 പ്ലാന്റുകൾ നിർമിക്കുന്നതിനും 22 ലക്ഷം രൂപ അനുവദിച്ചു.
നെൽകൃഷി വികസനത്തിൽ സമഗ്ര മുന്നേറ്റം
പ്രളയത്തിൽ നിർജീവമായ ജില്ലയിലെ പാടശേഖരങ്ങൾക്ക് കൃഷിവകുപ്പിന്റെ ഇടപെടലുകളിലൂടെ ജീവൻവയ്ക്കുന്നു. 2000 ഹെക്ടർ നെൽകൃഷിയാണ് പ്രളയത്തിൽ നശിച്ചത്. ഇതിനു പരിഹാരമായി കർഷകർക്ക് പുനഃകൃഷി ചെയ്യാൻ വിത്തുകൾ ലഭ്യമാക്കി. ഇതുൾപ്പെടെ 7,200 ഹെക്ടർ സ്ഥലത്താണ് ഇത്തവണ നഞ്ചകൃഷി. ഹെക്ടറിന് ആയിരം രൂപ നിരക്കിൽ ഇതുവരെ 68.965 ലക്ഷം രൂപയാണ് കർഷകർക്കു നൽകിയത്. ശേഷിക്കുന്ന തുക ഈ മാസം തന്നെ വിതരണം ചെയ്യും. 354 ഹെക്ടർ സ്ഥലത്ത് സുഗന്ധ നെൽകൃഷിക്കായി 10,000 രൂപ പ്രകാരമാണ് ആനുകൂല്യം. ഇതിനാവശ്യമായ 35.4 ലക്ഷം രൂപയിൽ നിന്ന് 14.3 ലക്ഷം വിതരണം ചെയ്തു. പാടശേഖരങ്ങളുടെ ചെലവിനായി ഹെക്ടറിന് 360 രൂപ പ്രകാരം 6.68 ലക്ഷം രൂപ ചെലവഴിച്ചു. 127.48 ഹെക്ടർ തരിശുഭൂമിയിൽ കൃഷിയിറക്കുന്നതിനായി 21.28 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. നെല്ല് സംസ്‌കരണത്തിനായി തിരുനെല്ലി അഗ്രോ പ്രൊസസിങ് കമ്പനി 11 ലക്ഷത്തിന്റെ പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുണ്ട്. കൃഷി ഡയറക്ടറുടെ അംഗീകാരത്തിനു ശേഷം നടപടികൾ തുടങ്ങും. എടവക കൃഷിഭവൻ പരിധിയിലെ ബ്രഹ്മഗിരി റൈസ് ഇൻഡസ്ട്രീസ് നെല്ലുകുത്ത് മില്ലിന്റെ പ്രവൃത്തികൾ പൂർത്തിയായി. നെൽകൃഷി കൂലിച്ചെലവ് സബ്‌സിഡി ഇനത്തിൽ ജില്ലാ പഞ്ചായത്ത് വിഹിതമായി 2.51 കോടി രൂപ പഞ്ചായത്തുകൾക്ക് അനുവദിച്ചു. ഇതു കർഷകർക്കു വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. ഇതേ ഇനത്തിൽ 39.5 ലക്ഷം രൂപ പട്ടികവർഗ കർഷകർക്കു ലഭ്യമാക്കാനായി പഞ്ചായത്തുകളുടെ കൈവശമുണ്ട്.