നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ കായകൽപ് അവാർഡിന് മികച്ച ആരോഗ്യ കേന്ദ്രമായാണ് നൂൽപ്പുഴയെ തിരഞ്ഞെടുത്തത്. സർക്കാർ ആശുപത്രികളുടെ ഗുണനിലവാരത്തിന് ദേശീയതലത്തിൽ നൽകുന്ന ഏറ്റവും വലിയ അംഗീകാരം നേടിയിട്ടുള്ള നൂൽപ്പുഴ ആശുപത്രിക്ക് മറ്റൊരു പൊൻതൂവൽ കൂടിയാണ് കായകൽപ് പുരസ്‌കാരം. നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) സർട്ടിഫിക്കറ്റ് 98 ശതമാനം മാർക്കോടെ നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രം നേടിയിരുന്നു.
അവാർഡ് തുകയായ രണ്ടുലക്ഷം രൂപ ഉപയോഗിച്ച് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ അശുപത്രികൾ എന്നിവയിൽ നിന്നു തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തിയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുത്തിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പരിശോധന മുറി, ലബോറട്ടറി, ശീതീകരിച്ച ഫാർമസി, പ്രൈമറി-സെക്കൻഡറി വെയ്റ്റിങ് ഏരിയ, നവീകരിച്ച വാർഡ്, സ്ത്രീകൾക്കായി നാപ്കിൻ വെൻഡിങ് മെഷീൻ, ഷീ-ടോയ്ലറ്റ് തുടങ്ങിയവയെല്ലാം ആശുപത്രിയിലുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഡെഫിബ്രിലേറ്റർ സംവിധാനവും ഒരുക്കിയിരിക്കുന്നു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും സഹായമായി ഇലക്ട്രിക് ഓട്ടോറിക്ഷയും ആശുപത്രിയിലുണ്ട്. ആദിവാസി കുട്ടികൾക്കായി ആശുപത്രി വളപ്പിൽ തന്നെ ഒരുക്കിയ ഹൈടെക് പാർക്കും മികച്ച ആശയമായി. ഔഷധ സസ്യോദ്യാനവും പൂന്തോട്ടവും ആശുപത്രിയുടെ മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്. ഇക്കാര്യങ്ങളൊക്കെ അവാർഡ് നിർണയ ഘട്ടങ്ങളിൽ പരിഗണിക്കപ്പെട്ടു.