കായംകുളം:ഭിന്നശേഷിക്കാരായ ഉദ്യേഗാർത്ഥികളുടെ തൊഴിൽ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘കൈവല്യ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (മോഡൽ കൈവല്യ സെന്റർ) കായംകുളത്ത് പ്രവർത്തനം ആരംഭിച്ചു. കായംകുളം മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ കൈവല്യ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ തൊഴിൽ മേഖലയിൽ നിന്നും മാറ്റി നിർത്തേണ്ടവരല്ലെന്നും ഇവർക്കായി സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന തൊഴിൽ വകുപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു.
നാഷണൽ എംപ്ലോയ്‌മെന്റ് സർവ്വീസിന് കീഴിൽ ഭിന്നശേഷിക്കാർക്കായി നിരവധി തൊഴിൽ പദ്ധതികളും അവസരങ്ങളും ലഭ്യമാണ് .ഇവയുടെ എല്ലാ സേവനങ്ങളും കായംകുളത്ത് പ്രവർത്തനമാരംഭിച്ച കേന്ദ്രത്തിൽ ലഭ്യമാകും.മിനി സിവിൽ സ്റ്റേഷനിൽ തന്നെ പ്രവർത്തനം ആരംഭിച്ച സംസ്ഥാനത്തെ അഞ്ചാമത്തെ എംപ്ലോയ്‌മെന്റ് കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റേയും ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു.
ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ. അധ്യക്ഷയായി. എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടർ എം.എ ജോര്ജ്ജ് തോമസ്,കായംകുളം നഗരസഭ വെസ് ചെയർപേഴ്‌സൺ ഗിരിജ,വാർഡ് കൗൺസിലർ ഷീബ ദാസ്,സജി ജോർജ്ജ്,എ.സൂധീർകുമാർ എന്നിവർ പ്രസംഗിച്ചു.

സി.ഡി.സി.യും കൈവല്യ സെന്ററും:
ലക്ഷ്യം സമഗ്രവികസനം

ആലപ്പുഴ: യുവജനങ്ങളുടെ കരിയർ സ്വപ്നങ്ങൾക്ക് ദിശാബോധം നൽകുവാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന നവീന സംരഭമാണ് കരിയർ ഡെവലപ്‌മെന്റ് സെന്ററുകൾ(സി.ഡി.സി).ഉദ്യോഗാർത്ഥികളെ വിവിധ തൊഴിൽ മേഖലകളിലേക്ക് സജ്ജരാക്കുന്നതോടൊപ്പം സ്‌കൂൾതലം മുതൽ വിദ്യാർത്ഥികൾക്ക് കരിയർ വിദ്യാഭ്യാസം നൽകുക,നൂതന രീതികൾ പ്രയോജനപ്പെടുത്തി വിവിധ വിഷയങ്ങളിൽ മെച്ചപ്പെട്ട പരിജ്ഞാനവും പരിശീലനവും സാധ്യമാക്കുക തുടങ്ങിയവയാണ് സി.ഡി.സി കളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതിയാണ് കൈവല്യ. ഭിന്നശേഷി സൗഹൃദമായി പ്രവർത്തിക്കുന്ന സെന്ററിൽ വീൽ ചെയർ,സൗകര്യപ്രദമായ ശുചിമുറി,റാമ്പ്,വാട്ടർ പ്യൂരിഫയർ,തൊഴിൽ പരിശീലനം നൽകുന്നതിന് ആവശ്യമായ ക്ലാസ്സ് മുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.കൂടാതെ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികളും മോഡൽ കൈവല്യ സെന്ററിൽ ആരംഭിക്കും.