ചെങ്ങന്നൂർ : സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകൾ രാജ്യാന്തര നിലാരത്തിലേക്ക് ഉയർത്തുകയെന്നത് സർക്കാരിന്റെ പദ്ധതിയായി മാറിയതായി തൊഴിൽമന്ത്രി ടി. പി. രാമകൃഷ്ണൻ . ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ പുതിയതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടം, വ്യവസായ പരിശീലന വകുപ്പ് ജില്ലയിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള സ്‌പെക്ട്രം 2019, വനിത ഐ.ടി.ഐ ഹോസ്റ്റൽ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക കാലഘട്ടം മത്സരത്തിന്റേതാണ.് അതിന് അനുസൃതമായി സംസ്ഥാനത്തെ ഐ.ടി.ഐകളിൽ നിന്നും പുറത്തിറങ്ങുന്നവരെ പരീശിലിപ്പിക്കും. മികവിന്റെ കേന്ദ്രങ്ങളാക്കി ഐ.ടി.ഐകളെ മാറ്റുമെന്നും കാലത്തിനനുസൃതമായ കോഴ്‌സുകൾ ആരംഭിക്കുമെന്നും കാലഹരണപ്പെട്ട കോഴ്‌സുകൾ നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സേവനവും , സാങ്കേതിക സഹായവും നൽകിയ നൈപുണ്യ കർമ്മസേനയിൽ പങ്കാളികളായ ആലപ്പുഴ ജില്ലയിലെ വ്യാവസായിക പരിശീലന വകുപ്പ് ഉദ്യോഗസ്ഥരേയും പരിശീലനാർത്ഥികളെയും മന്ത്രി ആദരിച്ചു.
ചടങ്ങിൽ സജിചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി വേണു, ജോജി ചെറിയാൻ, ജെബിൻ പി. വർഗീസ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, ചെങ്ങന്നൂർ നഗരസഭ. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.വി. അജയൻ, അനിൽകുമാർ, സുജ ജോൺ, ഹരിത മിഷൻ ജില്ല കോർഡിനേറ്റർ കെ.എസ്. രാജേഷ് അഡീഷണൽ ഡയറക്ടർ ഓഫ് ട്രയിനിംഗ് പി. കെ. മാധവൻ , ചെങ്ങന്നൂർ ഗവ ഐ.ടി.ഐ. പ്രിൻസിപ്പാൾ മിനി മാത്യ, വനിത ഐ.ടി.ഐ പ്രിൻസിപ്പാൾ ജി. സുരേഷ് എന്നിവർ സംസാരിച്ചു.