ആലപ്പുഴ: പ്രളയത്തിൽ വീട് നശിച്ച പട്ടികയിലുൾപ്പെട്ട 1162 പേരിൽ നാലു ലക്ഷം രൂപ കൈപ്പറ്റാമെന്നറിയിച്ച 701 പേരൊഴികെയുള്ളവരെ കെയർ പദ്ധതിയിലോ സ്പോൺസർഷിപ്പിലോ ഉൾപ്പെടുത്തി വീടുപണിത് നൽകാൻ റീബിൽഡ് കേരള ജില്ലാതല അവലോകനയോഗത്തിൽ തീരുമാനമായി. ജില്ലകളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജനുവരി 25നകം 30 മുതൽ 50 ശതമാനം വരെയും 60 മുതൽ 70 ശതമാനം വരെയും വീടിന് നാശനഷ്ടം നേരിട്ടവരുടേയും പൂർണവിവരം അതത് പഞ്ചായത്ത് സെക്രട്ടറിമാർ നിർണയിച്ച് വില്ലേജ് ഓഫീസർക്ക് സമർപ്പിക്കണം. ഇതേ പട്ടികയിൽ റീബിൽഡ് ആപ്പിൽ ഉൾപ്പെടാതെ പോയ 100 ശതമാനം നഷ്ടം നേരിട്ട ഉപഭോക്താക്കളേയും ഉൾപ്പെടുത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി. വീടുനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളനുസരിച്ച റിപ്പോർട്ട് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി തഹസിൽദാർമാർക്ക് നൽകണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.
ഫെബ്രുവരി രണ്ടിന് റീബിൽഡ് കേരളയിലുൾപ്പെട്ട ഉപഭോക്താക്കൾക്കായി ജില്ലാതല സമ്മേളനം വിളിച്ചുചേർക്കും. 190പേർക്ക് പുതിയ വീട് നിർമിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു.അവരെ നഷ്ടശതമാന കണക്കിൽനിന്ന് വേർതിരിച്ചെടുത്ത് തുക നൽകും.പ്രളയ രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർക്ക് പ്രശംസ പത്രം നൽകാൻ യോഗം തീരുമാനിച്ചു.