പ്രേംശങ്കര്‍ തിരക്കഥയും സംവിധാനം ചെയ്ത രണ്ട് പേര്‍, റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക് എന്നീ ചിത്രങ്ങള്‍ ഇന്ന് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. രണ്ട് പേര്‍ എന്ന സിനിമയുടെ ആദ്യപ്രദര്‍ശനമാണ് ഇന്നത്തേത്. സിനിമാ സംവിധായകനാകാന്‍ ആഗ്രഹിച്ച നായകന്‍ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ നിറഞ്ഞ രാത്രി ക്യാമറയില്‍ പകര്‍ത്താന്‍ തീരുമാനിക്കുന്നു. ആ രാത്രിയില്‍ നായകന്‍ നേരിടേണ്ടി വരുന്ന നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. അള്‍ജീരിയയിലെ സമകാലിക പെണ്‍ജീവിതത്തിലേക്ക് കണ്ണുതുറക്കുന്ന ചിത്രമാണ് ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്. നിത്യവൃത്തിക്കായി ഹമാമില്‍ ജോലി ചെയ്യുന്ന ഫാത്തിമയെ തേടിയെത്തുന്ന കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.
ആദ്യപ്രദര്‍ശനത്തില്‍ തന്നെ ഏറെ പ്രേക്ഷകപ്രീതി നേടിയ ദ യങ് കാള്‍ മാര്‍ക്‌സ് ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കും. കാള്‍ മാര്‍ക്‌സിന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടം തിരശ്ശീലയില്‍ പുന:സൃഷ്ടിക്കുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍.
ചലച്ചിത്രമേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഫ്രഞ്ച് ചിത്രം ഡിജാമും, സ്റ്റോറീസ് ദാറ്റ് അവര്‍ സിനിമാ ഡിഡ് (നോട്ട്) ടെല്ലും നാളെ വീണ്ടും പ്രദര്‍ശിപ്പിക്കും.
മലയാള സിനിമാ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന നായിന്റെ ഹൃദയം മിഖായേല്‍ ബുള്‍ഗക്കോവിന്റെ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ്. വ്യത്യസ്തമായ ബിംബ കല്‍പനകളിലൂടെ, സമയക്രമത്തില്‍ വേരൂന്നിയ, ആശയ – വികാര തലങ്ങളെയാണ് സിനിമ ചിത്രീകരിക്കുന്നത്.