മുഹമ്മ : 32 കുടുംബശ്രീ വനിതകൾ കൈകോർത്തപ്പോൾ മുഹമ്മയിൽ പിറന്നത് ചരിത്രമാണ്. മുഹമ്മ നാലാം വാർഡ് ബീന ത്യാഗരാജന്റെ വീടെന്ന സ്വപ്‌നമാണ് വെറും 53 ദിവസം കൊണ്ടാണ് കുടുംബശ്രീ വനിതകൾ സൗജന്യമായി പണിത് നൽകിയത്.
വീട് പണിത 32 കുടുംബശ്രീ അംഗങ്ങൾക്കും 200 രൂപ ദിവസവേതനവും ഭക്ഷണത്തിന് 50 രൂപയും യാത്രാബത്തയും കുടുംബശ്രീ മിഷൻ നൽകി. കുടുംബശ്രീയുടെ ഈ നിർമാണ പ്രവർത്തനത്തിൽ അഭിമാനമുണ്ടെന്ന് മുഹമ്മ സി.ഡി. എസ്. ചെയർപേഴ്‌സൻ എം.എസ്.ലത പറഞ്ഞു. ‘വനിതകൾ വീട് നിർമ്മിക്കുന്നതിനോട് മുഖം തിരിഞ്ഞു നിന്നവർ ഇന്ന് വീട് വച്ചു നൽകാൻ ഞങ്ങളെ സമീപിക്കുന്നുണ്ട്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ എല്ലാ സഹായവും നൽകി’എം.എസ്. ലത കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ പദ്ധതി പ്രകാരം ബീന ത്യാഗരാജനു കേരള സർക്കാർ അനുവദിച്ച നാലുലക്ഷം രൂപ കൂടാതെ 25000 രൂപ മാത്രമാണ് അധികം ചെലവായത്.കേരളത്തിൽ 16 പഞ്ചായത്തുകളിലാണ് കുടുംബശ്രീ വനിതകൾ ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾ പണിയുന്നത്. ഇതിൽ 14 എണ്ണം പൂർത്തിയാക്കി. ത്യാഗരാജൻ-ബീന ദമ്പതികൾ വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ്. ടെൻസിലിങ് ജോലിക്കാരനാണ് ത്യാഗരാജൻ. ഭാര്യ ബീന തൊഴിലുറപ്പ് ജോലി ചെയ്യുന്നു. മക്കളായ എംകോമിനു പഠിക്കുന്ന ദൃശ്യയ്ക്കും പ്ലസ്ടുവിന് പഠിക്കുന്ന സുർജിത്തിനും ഇത് അഭിമാന നിമിഷമാണ്.