സ്‌കൂളുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ കൊഴിഞ്ഞുപോകുന്ന കുട്ടികളെ അവരുടെ സഹപാഠികളായ കുട്ടികളിലൂടെ കണ്ടെത്തുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ 6238 479 484 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സജ്ജമായി. സഹപാഠിയെ അധ്യയന ദിവസങ്ങളില്‍ തുടര്‍ച്ചയായി കാണുന്നില്ലെങ്കില്‍ 6238 479 484 എന്ന ഫോണ്‍നമ്പറില്‍ ഉടന്‍ ബന്ധപ്പെടുന്നതിന് എല്ലാ സ്‌കൂളുകളിലേക്കും നമ്പര്‍ കൈമാറിയിട്ടുണ്ട്.
വിദ്യാഭ്യാസ ഡയറക്ടറുടെ ഔദ്യോഗിക രേഖകള്‍ പ്രകാരം കാസര്‍കോട് ജില്ലയില്‍ 559 കുട്ടികളാണ് വിവിധ കാരണങ്ങളാല്‍ 2018 ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ 16 വരെയുളള കാലയളവില്‍ സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. എല്ലാ കുട്ടികളെയും എല്ലാ അധ്യയന ദിവസങ്ങളിലും സ്‌കൂളില്‍ എത്തിക്കുന്നതിനായി അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും വിദ്യാഭ്യാസ വകുപ്പുമായും ജില്ലാ ഭരണകുടവുമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു അറിയിച്ചു.
നിര്‍ബന്ധിതവും സാര്‍വത്രികവുമായ വിദ്യാഭ്യാസം 14 വയസുവരെയുളള എല്ലാ കുട്ടികള്‍ക്കും എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലാ ഭരണകുടത്തിന്റെ നേതൃത്വത്തില്‍ ഡ്രോപ് ഔട്ട് ഫ്രീ കാസര്‍കോട് പദ്ധതിയും നടപ്പിലാക്കിവരുകയാണ്. എല്ലാ ഇടങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി ജില്ലയെ ശിശു സൗഹൃദമാക്കാനുളള ബൃഹത്തായ ലക്ഷ്യമാണ് ഡ്രോപ് ഔട്ട് ഫ്രീ കാസര്‍കോട് എന്ന പദ്ധതിക്കുളളത്. ഈ പദ്ധതിക്ക് കീഴില്‍ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിലും വിവിധ വകുപ്പ് മേധാവികളുടെ സംയോജിത പങ്കാളിത്തത്തോടെ ജില്ലാതല ഡ്രോപ്പ് ഔട്ട് മോണിട്ടറിംഗ് കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നും കൊഴിഞ്ഞു പോയ കുട്ടികളുടെ കണക്കെടുപ്പ് നടത്തിയത്.