ആലപ്പുഴ: ഉത്സവകാലത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറിൽ ജില്ലയിൽ എക്സൈസ് വകുപ്പ് നടത്തിയ 1026 മിന്നൽ പരിശോധനയിലായി 136 പേർ പടിയിലായി. 95 അബ്കാരി കേസിലും 67 എൻ.ഡി.പി.എസ് കേസിലുമായാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇതിനു പുറമെ 4275 വാഹന പരിശോധനയും കള്ളുഷാപ്പുകളിലായി 1210 പരിശോധനകളും നടത്തി.അനധികൃത മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ സമതിയോഗത്തിൽ അവതരിപ്പിച്ചതാണ് ഈ കണക്കുകൾ.
വാഹനപരിശോധനയിൽ 15 വാഹനങ്ങൾ പിടികൂടി. വിദേശമദ്യഷാപ്പുകളിലായി 32ഉം ബാറുകളിലായി 60ഉം ബിയർ പാർലറുകളിലായി 21ഉം പരിശോധന നടത്തി. കള്ളിന്റെ 276ഉം വിദേശ്യ മദ്യത്തിന്റെ 35ഉം സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊലീസുമായി ചേർന്ന് 33 സംയുക്ത പരിശോധനയും നടത്തിയതായി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ. മുഹമ്മദ് റഷീദ് അറിയിച്ചു.
പൊതുജനങ്ങളുടെ പരാതിപ്രകാരം വിവിധറേഞ്ചുകളിലായി ഏഴു കേസുകൾ കണ്ടെത്തി. 296 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തതിൽ 59,200 രൂപ പിഴയായി ഈടാക്കി.വിവിധ പരിശോധനകളിലായി മൂന്ന് ലീറ്റർ സ്പിരിറ്റ്, 40 ലീറ്റർ ചാരായം, 105.3 ലീറ്റർ വിദേശമദ്യം, 872.6 ലിറ്റർ കോട, 287.4 ലിറ്റർ കള്ള്, 5.4 ലിറ്റർ അനധികൃത മദ്യം, 2.95 ലിറ്റർ ഗോവൻ മദ്യം , 13.4 ലിറ്റർ ബിയർ 5.281 കി.ഗ്രാം കഞ്ചാവ്, 66 നൈട്രോസെഫാം ഗുളികകൾ, 69.9 ലിറ്റർ അരിഷ്ടം, 492.5 കിലോ പുകയില ഉൽപ്പന്നങ്ങൾ 91 പാക്കറ്റ് ഹാൻസ് എന്നിവയും തൊണ്ടിപ്പണമായി 29025 രൂപയും പിടിച്ചെടുത്തവയിൽ പെടും.
അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ 33 തവണ പരിശോധന നടത്തി. യ 63 പാൻ – മസാല കടകളും 27 മെഡിക്കൽ സ്റ്റോറുകളും പരിശോധിച്ചതിനൊപ്പം 29 തവണ റെയിൽവേ സ്റ്റേഷൻ,10 തവണ ട്രയിൻ പരിശോധന, ഒമ്പത് ബസ്സ്റ്റാന്റ് പരിശോധനകൾ, സ്‌ക്കൂൾ-കോളേജ് ഹോസ്റ്റലുകളിലായി ആറു തവണ പരിശോധന, 10 സ്‌കൂൾ പരിസര പരിശോധനകൾ എന്നിവയും നടത്തിയിട്ടുണ്ട്.
ജില്ലയിലെ സ്‌കൂളുകളിൽ എസ്.പി.സി, എൻ.എസ്.എസ് സംഘടനകളുമായി ബന്ധപ്പെട്ട് ക്രിസ്മസ് അവധിക്കാല ക്യാമ്പുകളിലടക്കം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഈ കാലയളവിൽ മദ്യ-മയക്കു മരുന്ന്, പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണവുമായി ബന്ധപ്പെട്ട് 95 ബോധവൽക്കരണ ക്ളാസ്സുകളും,10 നാടകങ്ങളും നടത്തി. ജില്ലാതല ജനകീയ കമ്മറ്റിയിൽ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടർ വി.ഹരികുമാർ അധ്യക്ഷത വഹിച്ചു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജോൺ മാടവന, ഹക്കിം മുഹമ്മദ് രാജ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ എന്നിവർ പ്രസംഗിച്ചു.