ഇന്ത്യൻ പതാകയും ഉയർത്തിപിടിച്ച് ഇരുകൈകളിലും വലിയ ബാഗുകളുമായി ആളുകളോട് സംസാരിച്ചുകൊണ്ടാണ് ആശിഷ് ശർമ്മ ജില്ലാ കളക്ടറേറ്റിലേക്ക് നടന്നെത്തിയത്. കിലോമീറ്ററുകൾ നടന്ന ക്ഷീണമൊന്നും ആ മുഖത്ത് പ്രതിഫലിക്കുന്നില്ല. ഒറ്റക്കൊരാൾ ആളുകളോട് സംസാരിച്ച് നടന്നുവരുന്നതുകണ്ടപ്പോൾ ആളുകൾക്കും അതിശയമായി. വിവരമറിഞ്ഞപ്പോഴാകട്ടെ ആശിഷിനൊപ്പം ഫോട്ടോയും സെൽഫിയുമെടുക്കാൻ തിരക്കും.
രാജ്യത്ത് ഭിക്ഷാടനം ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സ്വദേശിയായ ആശിഷ് ശർമ ഇന്ത്യയൊട്ടാകെ നടക്കുന്നത്. ജമ്മുകശ്മീരിൽ തുടങ്ങിയ കാൽനടയാത്ര തമിഴ്‌നാട്ടിൽ അവസാനിപ്പിക്കാനാണ് മെക്കാനിക്കൽ എൻജിനീയർ കൂടിയായ ആശിഷ് ശർമയുടെ തീരുമാനം. ബെഗ്ഗർ ഫ്രീ ഇന്ത്യ എന്ന പേരിലാണ് ഈ 29കാരന്റെ പ്രചാരണയാത്ര. 17,000 കിലോമീറ്ററോളം ബെഗ്ഗർ ഫ്രീ ഇന്ത്യ കാമ്പയ്‌നുമായാണ് ആശിഷ് നടക്കുന്നത്. 14,423 കിലോമീറ്റർ ഇതിനോടകം പൂർത്തിയാക്കി.
ബാലഭിക്ഷാടനത്തിനെതിരെ ബോധവത്കരണവുമായി ആശിഷ് 2017 ഓഗസ്റ്റ് 22നാണ് ജമ്മുകാശ്മീരിൽ നിന്നും കാൽനട യാത്ര തുടങ്ങിയത്. ഇപ്പോൾ ഒന്നരവർഷം പിന്നിട്ടു. ഒരു ദിവസം 30 മുതൽ 40 കിലോമീറ്റർ വരെ നടക്കും. നടത്തത്തിനിടയിൽ തന്റെ ലക്ഷ്യത്തെകുറിച്ച് കാണുന്നവരോടെല്ലാം സംസാരിക്കും. ടൗണുകളിലൂടെയാണ് യാത്ര മുഴുവൻ.
ഡൽഹിയിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായി ജോലിചെയ്യ്തു വരികയായിരുന്നു ആശിഷ്. 2015-ൽ ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങവേ കൈ തളർന്ന ഒരു കുഞ്ഞിനെ കണ്ടു. കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുപോയി ഭക്ഷണവും വസ്ത്രവും നൽകി. അടുത്തുള്ള സ്‌കൂളിൽ ചേർന്നു. ഈ സംഭവമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് ആശിഷ് പറയുന്നു. ഈ പ്രശ്‌നം പിന്തുടരാൻ തീരുമാനിച്ച ആശിഷ് തന്റെ ജോലി ഉപേക്ഷിച്ച് ഭിക്ഷാടനത്തിനെതിരെ ബോധവത്കരിക്കാനായി കാൽനടയായി രാജ്യത്താകമാനം യാത്രയാരംഭിച്ചു. 27-ാം വയസിൽ ആരംഭിച്ച യാത്ര 29-ാം വയസിലും തുടരുന്നു. രാജ്യവ്യാപകമായ യാത്ര ഒരുപക്ഷേ ജനങ്ങളെ നേരിടാൻ ഏറ്റവും മികച്ച മാർഗമാണെന്ന് അദ്ദേഹം കരുതുന്നു. തമിഴ്‌നാട്ടിലെ സന്ദർശനത്തിന് ശേഷം തിരിച്ച് ഡൽഹിയിലേക്കുള്ള യാത്ര ഷൂ ഇടാതെ ആയിരുക്കുമെന്ന് ആശിഷ് പറഞ്ഞു. മാർച്ച് അവസാനത്തോടെ യാത്ര പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.