സ്‌പെഷ്യാലിറ്റി ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്ന സന്നദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തും. ജനുവരി 20നു മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിലാണ് ക്യാമ്പ്. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷൻ നടക്കും. ജനറൽ മെഡിസിൻ, ശ്വാസകോശ രോഗം, ത്വക് രോഗം, ഇഎൻടി, ശിശുരോഗം, ഗൈനക്കോളജി, കാൻസർ, അസ്ഥിരോഗം, വാതം, നേത്രരോഗം, ഹൃദ്രോഗം, വൃക്കരോഗം, മസ്തിഷ്‌ക രോഗം, ഉദര രോഗം, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, മാനസിക രോഗം എന്നീ വിഭാഗങ്ങളിൽ ചികിൽസ ലഭിക്കും. ഡോക്ടർമാർ നിർദേശിക്കുന്നവർക്ക് സൗജന്യമായി അൾട്രാ സൗണ്ട് സ്‌കാൻ, സിടി സ്‌കാൻ, എക്‌സ് റേ, ഇസിജി, എക്കോ ടെസ്റ്റ്, മൈനർ സർജറികൾ, ദന്ത-തിമിര ശസ്ത്രക്രിയകൾ, കണ്ണടകൾ, മരുന്നുകൾ തുടങ്ങിയവ ലഭ്യമാക്കും. കൂടാതെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഒരു വർഷത്തേക്കുള്ള ചികിൽസയും മരുന്നുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജില്ലാ ആരോഗ്യവകുപ്പ്, നാഷനൽ ഹെൽത്ത് മിഷൻ, ഐഎംഎ കൊച്ചി, കോംട്രസ്റ്റ് ഐ കെയർ, ഡിഎം വിംസ് എന്നിവ ക്യാമ്പിനുള്ള സൗകര്യങ്ങളും വിദഗ്ധരുടെ സേവനങ്ങളും ഉറപ്പുവരുത്തും. ബിപിസിഎൽ ആണ് ക്യാമ്പ് നടത്തിപ്പിനും തുടർചികിൽസകൾക്കും ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്നത്.
കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ജില്ലാ കളക്ടർ എ.ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. ചികിൽസ ആവശ്യമായ ആദിവാസികളെ ക്യാമ്പിലെത്തിക്കാൻ ട്രൈബൽ വകുപ്പിന്റെ ആംബുലൻസുകൾ ലഭ്യമാക്കാൻ അദ്ദേഹം ജില്ലാ പ്രൊജക്ട് ഓഫിസർ പി വാണിദാസിന് നിർദേശം നൽകി. ട്രൈബൽ പ്രമോട്ടർമാരും ആശാവർക്കർമാരും കോളനി സന്ദർശനം നടത്തി ചികിൽസ ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. ക്യാമ്പിന്റെ പ്രചാരണാർഥം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ ദേവകി, മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി ആർ പ്രവീജ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മർജ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
