കൊച്ചി: ചേരാം ചേരാനല്ലൂരിനൊപ്പം തണൽ ഭവനപദ്ധതി സ്ത്രീകൾ മാത്രമുള്ള രണ്ട് കുടുംബങ്ങൾക്കു തണൽ ഒരുങ്ങും. ചേരാനല്ലൂര്‍ പഞ്ചായത്തിൽ 13-ാം വാര്‍ഡിൽ തൈക്കാവ് റോട്ടറി കോളനിയിലുള്ള രണ്ട് വീടുകൾക്ക് സിനിമാതാരം ഉണ്ണി മുകുന്ദനാണ് തറക്കല്ലിട്ടത്.
13-ാം വാർഡിൽ രണ്ട് പെണ്‍മക്കളടക്കം 3 വനിതകള്‍ താമസിക്കുന്ന ബിന്ദുവിന്‍റെ വീടും വിധവയായ രാജി മണിയുടെ വീടുമാണ് പുനര്‍ നിര്‍മ്മിക്കുന്നത്. രാജി മണിക്കും രണ്ട് പെണ്മക്കള്‍ മാത്രമാണുള്ളത്. പ്രളയത്തിൽ ഇരുവരുടെയും വീടുകൾ താമസയോഗ്യമല്ലാതായി. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ആണ് രണ്ടു വീടുകളുടെയും സ്പോണ്‍സര്‍.
പതിനേഴാമതും പതിനെട്ടാമത്തേതുമായി 450 ചതുരശ്ര അടി വീതം വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ച് നല്കുന്നത്. മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് വീടുകള്‍ കൈമാറുമെന്ന് ഹൈബി ഈഡന്‍ എം.എ .എ പറഞ്ഞു.
കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി.എ ജോസഫ് മുഖ്യാതിഥി ആയിരുന്നു. കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഡയറക്ടര്‍ ജോയ് ജെ തുളുവത്ത്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍ ആന്‍റണി, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സോണി ചീക്കു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍സണ്‍ മാളിയേക്ക , വാര്‍ഡ് മെമ്പര്‍ ആരിഫ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ: തണൽ ഭവന പദ്ധതിയിലെ വീടുകൾക്ക് സിനിമാതാരം ഉണ്ണി മുകുന്ദൻ തറക്കല്ലിടുന്നു