ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സതേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ  കുട്ടികളും അധ്യാപകരും പങ്കെടുക്കുന്ന കബ് ബുള്‍ ബുള്‍ ഉത്സവിന് കൊല്ലത്ത് തുടക്കമായി. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട്, തെലുങ്കാന, പുതുച്ചേരി, ആന്‍ഡമാന്‍ – നിക്കോബാര്‍, സതേണ്‍ റയില്‍വേ, സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള 400 ഓളം കബ് ബുള്‍ ബുള്‍ കുട്ടികളുടെ സംഗമം  വനം വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു.
വിവിധ സംസ്‌കാരങ്ങളുടേയും പാരമ്പര്യങ്ങളുടേയും തിരിച്ചറിവിനും സര്‍ഗാത്മകമായ മുന്നേറ്റത്തിനും സഹവാസ ക്യാമ്പ് ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അച്ചടക്കവും ആത്മവിശ്വാസവും കുട്ടികളില്‍ വളര്‍ത്തണം. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള അനുഭവങ്ങള്‍ ക്യാമ്പ് പ്രദാനം ചെയ്യും. ഭാരതീയന്‍ എന്ന അഭിമാന ബോധം പുതിയ തലമുറയില്‍ സൃഷ്ടിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറി എ. കെ. സജിത്ത് അധ്യക്ഷനായി. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ജലജ കുമാരി, ഡി. ഇ. ഒ എസ്. സന്തോഷ്‌കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സുനിത, സ്‌കൗട്ട്‌സ് സതേണ്‍ റീജ്യന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അരുണ്‍ ചന്ദ്രപതാര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ ഐസക് ഈപ്പന്‍, സ്‌കൂള്‍ ട്രസ്റ്റ് സെക്രട്ടറി എ. ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.