ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന വിദ്യാര്‍ഥികളാകും ഇനി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലുണ്ടാവുകയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വാളത്തുംഗല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവപ്രഭ, മലയാളത്തനിമ, ശ്രദ്ധ തുടങ്ങിയ പദ്ധതികള്‍ പഠനനിലവാരം ഉയര്‍ത്താന്‍ വേണ്ടിയാണ് സ്‌കൂളുകളില്‍ നടപ്പാക്കുന്നത്. തികച്ചും ശാസ്ത്രീയമായാണ് ഇത്തരം പരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഭാഷകള്‍ പരിചയിക്കുന്ന വിദ്യാര്‍ഥിക്ക് അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സഹായകമാകുന്ന വിധമാണ് വിദ്യാഭ്യാസ രീതി പരിഷ്‌കരിച്ചിട്ടുള്ളത്. പഠനാനുഭവത്തിലൂടെ വിദ്യാര്‍ഥികളും അധ്യാപകരും മികവ് തിരിച്ചറിയുന്ന അവസ്ഥയാണ് ഉണ്ടാവുക. പൊതുവിദ്യാഭ്യാസമേഖല ഇങ്ങനെയാണ് വിശ്വാസമാര്‍ജിക്കുന്നതും-മന്ത്രി പറഞ്ഞു. 2019 മാര്‍ച്ചോടെ സമ്പൂര്‍ണ്ണ സ്‌കൂള്‍തല ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിദ്യാലയമുറ്റത്ത് വൃക്ഷത്തൈ നട്ടാണ് ആഘോഷങ്ങള്‍ക്ക് മന്ത്രി തുടക്കമിട്ടത്.
എം. നൗഷാദ് എം.എല്‍.എ. അധ്യക്ഷനായി. ചടങ്ങില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. കോര്‍പറേഷനിലെ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ സന്തോഷ്‌കുമാര്‍, വി.എസ്. പ്രിയദര്‍ശന്‍, കൗണ്‍സിലര്‍മാരായ വി. ഗിരിജാകുമാരി, എം. സുജ, സ്‌കൂളിലെ പ്രഥമാധ്യാപകരായ എം. വീണ, എസ്. സോമലത, ബേബി ചന്ദ്ര, ജമീലത്ത്, സംഘാടകസമിതി ഭാരവാഹികളായ വിനോദ് ഭരതന്‍, എ.ജി. ശ്രീകുമാര്‍, മുഹമദ് സൂഫി, മറ്റ് ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.