രസതന്ത്ര പഠനത്തിന്റെ രസം തിരിച്ചറിയുകയായിരുന്നു ഇരവിപുരം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍. പുതിയ ഹൈടെക് ക്ലാസ്‌റൂമില്‍ വിവിധ ക്ലാസുകളിലെ കുട്ടികള്‍ ഒന്നു ചേര്‍ന്ന് പഠനം നടത്തിയ കൗതുകവും ഇവിടെ കാണാനായി. എല്ലാത്തിനുമുപരിയായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ കെമിസ്ട്രി ക്ലാസും. മന്ത്രിയിലെ അധ്യാപകന്‍ പഠനത്തിന് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ എങ്ങനെ പ്രയോജനകരമാകുമെന്ന് തന്റെ ക്ലാസിലൂടെ ബോധ്യപ്പെടുത്തി. സംസ്ഥാനത്താദ്യമായി ഒരു ആതുരാലയം ഒരു വിദ്യാലയത്തിന് സ്മാര്‍ട് ക്ലാസ്‌റൂം ഒരുക്കിയതിന്റെ ഉദ്ഘാടന വേളയിലാണ് ഇതെല്ലാം ഒത്തുചേര്‍ന്നത്. സ്‌കൂളിനായി സ്മാര്‍ട്ട് ക്ലാസ്‌റൂമൊരുക്കിയത് എന്‍. എസ്. സഹകരണ ആശുപത്രിയായിരുന്നു. മൂന്നര ലക്ഷം രൂപയാണ് ആധുനിക സംവിധാനത്തിന് ചെലവഴിച്ചത്.
പൊതുരംഗത്ത് വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ എങ്ങനെ പരസ്പരപൂരകമാക്കാം എന്ന ആശയമാണ് സ്‌കൂളിന് സൗകര്യങ്ങളൊരുക്കുക വഴി സഹകരണ ആശുപത്രി മാനേജ്‌മെന്റ് നടപ്പിലാക്കിയതെന്ന് ഉദ്ഘാടന വേളയില്‍ മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി. ആതുരസേവന രംഗത്ത് നിന്ന് ഇവിടെ തുടങ്ങി വച്ച ആധുനികവത്കരണത്തിന്റെ മുന്നേറ്റം ആറുമാസം കൊണ്ട് എല്ലാ ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെ അത്യന്താധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചെടുത്ത ക്ലാസുകളാകും ഇനി സംസ്ഥാനമാകെ കാണാനാവുകയെന്നും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എം.എല്‍.എ. അധ്യക്ഷനായി. എന്‍. എസ്. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് എ. മാധവന്‍പിള്ള, ഭരണസമിതിയംഗം പി. ഷിബു, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ വി. എസ്. പ്രിയദര്‍ശന്‍, കൗണ്‍സിലര്‍ എം.നൗഷാദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ എസ്. രാജ്, ഹെഡ്മിസ്ട്രസ് ജെ. മിനി,സ്റ്റാഫ് സെക്രട്ടറി അമ്പിളി, പി.ടി.എ പ്രസിഡന്റ് എം. ഷെരീഫ്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.