കാക്കനാട്: ജില്ലാ ആസൂത്രണ സമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോതമംഗലം നഗരസഭയുടെ പുതുക്കിയ അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റിന് അംഗീകാരം നല്‍കി. നോര്‍ത്ത് പറവൂര്‍ നഗരസഭയുടെ ലേബര്‍ ബജറ്റ് ഭേദഗതിക്കും യോഗം അംഗീകാരം നല്‍കി. മറ്റ് ജില്ലകളെ അപേക്ഷിച്ച് പദ്ധതി വിനിയോഗത്തില്‍ ജില്ല പുറകിലാണെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മുന്നില്‍ കണ്ട് നടപ്പിലാക്കേണ്ട പദ്ധതികള്‍ ഉടന്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ വകുപ്പുകളോടും 2018-19 വാര്‍ഷിക പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുന്നതിനും പദ്ധതി ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് അദ്ധ്യക്ഷ നിര്‍ദ്ദേശിച്ചു. പദ്ധതി വിഹിതം ഏറ്റവും കുറവ് ചെലവഴിച്ച വ്യവസായ വകുപ്പ് (6.70%), മത്സ്യവകുപ്പ് (18.73%), മൃഗസംരക്ഷണ വകുപ്പ്(20.32%) എന്നീ വകുപ്പുകളുടെ ചെലവഴിക്കാന്‍ സാധിക്കാത്ത പ്രോജക്ടുകളുടെ വിശദമായ അവലോകനം നടത്തി.
ഗുണഭോക്തൃ ലിസ്റ്റ് ലഭ്യമല്ലാത്തതുകൊണ്ടും ഗുണഭോക്തൃവിഹിതം നല്‍കാന്‍ താല്‍പര്യമില്ലാത്തതുമൂലവും വ്യവസായ വകുപ്പിന്റെ പദ്ധതികള്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് അദ്ധ്യക്ഷ നിര്‍ദ്ദേശിച്ചു. കൃഷി, ക്ഷീര വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളില്‍ അടുത്ത മാസത്തോടെ പരമാവധി ചെലവ് കൈവരിക്കാന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. ആരോഗ്യമേഖലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുവാനും നൂറ് ശതമാനം പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സാമൂഹ്യക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികള്‍ക്ക് ജി.എസ്.ടി രജിസ്‌ട്രേഷന്‍ വൈകുന്നതുമൂലം പ്രോജക്ട് നിര്‍വ്വഹണത്തില്‍ കാലതാമസം നേരിടുന്നതായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജി.എസ്.ടി രജിസ്‌ട്രേഷന്‍ ലഭ്യമാക്കുന്നതിന് വേണ്ട സാങ്കേതിക സഹായം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ മുഖേന നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എഞ്ചിനീയറിംഗ് വിഭാഗവുമായി ബന്ധപ്പെട്ട പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍.എസ്.ഡി യോഗത്തില്‍ അറിയിച്ചു.
വിവിധ വകുപ്പുകളുടെ പദ്ധതികള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ അവലോകനം നടത്തി. സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികള്‍, പട്ടികജാതി ഉപപദ്ധതി, പട്ടികവര്‍ഗ്ഗ ഉപപദ്ധതി എന്നിവയുടെ നടത്തിപ്പില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു പറഞ്ഞു. പട്ടികജാതി ഭവനനിര്‍മ്മാണ പദ്ധതി നടത്തിപ്പില്‍ ആസൂത്രണ സമിതി പ്രത്യേക പ്രാധാന്യം നല്‍കും.
പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ഒന്നും ചെലവഴിക്കാത്ത പഞ്ചായത്തുകളുടെ പ്രത്യേക അവലോകനം നടത്തും. പദ്ധതി നടത്തിപ്പില്‍ പിന്നാക്കം നില്‍ക്കുന്ന പഞ്ചായത്തുകളെ പ്രത്യേകം പരിഗണിച്ച് പുരോഗതി വിലയിരുത്തി. വായ്പ ബന്ധിത പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാകാത്തതിനാലാണ് പല പദ്ധതികളും നടപ്പിലാക്കാന്‍ സാധിക്കാത്തതെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സരള മോഹന്‍, മാര്‍ട്ടിന്‍ പാട്രിക്, റസിയ റഹ്മത്ത്, ജോളി ബേബി, സി. കെ അയ്യപ്പന്‍കുട്ടി, അഡ്വ. കെ. വൈ ടോമി, ഡെലീന പിന്‍ഹിറോ എന്നിവര്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം.